
പത്തനംതിട്ട: കോന്നിക്കടുത്ത് മുറിഞ്ഞകല്ലിൽ കാർ നിയന്ത്രണം വിട്ട് ശബരിമല തീർത്ഥാടകരുടെ വാഹനത്തിലിടിച്ച് മരിച്ച നവദമ്പതികളായ മല്ലശേരി പൂത്തേതുണ്ടിയിൽ നിഖിൽ മത്തായി (30), ഭാര്യ അനു ബിജു (27), നിഖിലിന്റെ പിതാവ് മത്തായി ഈപ്പൻ (66), അനുവിന്റെ പിതാവ് മല്ലശേരി വട്ടക്കുളഞ്ഞി പുത്തൻവിള കിഴക്കേതിൽ ബിജു ജോർജ് (51) എന്നിവരുടെ സംസ്കാരം 19ന് മല്ലശേരി പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ നടക്കും.
മത്തായി ഈപ്പന്റെയും നിഖിലിന്റെയും അനുവിന്റെയും മൃതദേഹങ്ങൾ കുടുംബ കല്ലറയിലും ബിജുവിന്റെ മൃതദേഹം മറ്റൊരു കല്ലറയിലുമാണ് സംസ്‌കരിക്കുക.ഇടത്തിട്ടയിലെ സ്വകാര്യ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ വ്യാഴാഴ്ച രാവിലെ പുറത്തെടുക്കും. രണ്ട് വീടുകളിലുമെത്തിച്ച് പ്രാർത്ഥന നടത്തിയ ശേഷം എട്ടു മണിയോടെ പൂങ്കാവ് സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 12 വരെ പൊതുദർശനത്തിന് വയ്ക്കും. നിഖിലിന്റെ സഹോദരി നിത ഇന്നലെ രാവിലെ ഖത്തറിൽ നിന്നെത്തി.
ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ കഴിയുന്ന മത്തായി ഈപ്പന്റെ ഭാര്യ സാലിയെയും ബിജുജോർജിന്റെ ഭാര്യ നിഷയെയും മകൻ ആരോണിനെയും ആശ്വസിപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും വീടുകളിലുണ്ട്. മലേഷ്യയിൽ ഹണിമൂൺ ആഘോഷത്തിന് പോയി മടങ്ങി വന്ന നിഖിലിനെയും അനുവിനെയും ഞായറാഴ്ച പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടു വരുമ്പോഴായിരുന്നു അപകടം.