obit-

റാന്നി: യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ നാലുപേർ പിടിയിലായി. മാമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന പഴവങ്ങാടി വെട്ടിക്കൽ അമ്പാടി (സുരേഷ്-24 ) ആണ് മരിച്ചത്. ചേത്തയ്ക്കൽ നടമംഗലത്ത് അരവിന്ദ് (കുട്ടു- 30) അരവിന്ദിന്റെ പിതൃസഹോദര പുത്രൻ ഹരിശ്രീ വിജയൻ (ശ്രീക്കുട്ടൻ -30) നീരാട്ടുകാവ് താഴെ തെക്കോട്ട് അക്സം അലിം (25), ചേത്തയ്ക്കൽ മലയിൽ അജോ എം വർഗീസ് (30) എന്നിവരെയാണ് റാന്നി പൊലീസ് അറസ്റ്റുചെയ്തത്.
പൊലീസ് പറയുന്നത്: ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 3 ന് റാന്നി കോളേജ് റോഡിലുള്ള ബീവറേജസ് ഔട്ട് ലെറ്റിന് സമീപം വച്ച് അജോയും നാട്ടുകാരനായ മിഥുനുമായി വാക്കേറ്റമുണ്ടായി. മിഥുൻ അജോയെ മർദ്ദിച്ചു. പിന്നീട് അജോയും സുഹൃത്തുക്കളും മിഥുന്റെ വീട്ടിലെത്തി വെല്ലുവിളിച്ചു. രാത്രിയിൽ മിഥുനും സംഘവും കാറിലെത്തി മന്ദമരുതിയിൽ വച്ച് അജോയും സംഘവുമായി ഏറ്റുമുട്ടി. മടങ്ങുമ്പോൾ മന്ദമരുതി ആശുപത്രി പടിക്ക് സമീപം രാത്രി എട്ടുമണിയോടെ കാർ നിറുത്തി അമ്പാടി ഫോൺ വിളിക്കാൻ പുറത്തേക്കിറങ്ങി​ . അപ്പോഴാണ് പിന്നാലെ കാറിലെത്തിയ പ്രതികൾ അമ്പാടിയെ ഇടിട്ടിച്ചത്. റോഡിലൂടെ നിരക്കിക്കൊണ്ടുപോയി കാർ ശരീരത്തിലൂടെ കയറ്റിയിറക്കിയശേഷം നിറുത്താതെപോയി. ഒപ്പമുണ്ടായിരുന്നവർ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
റാന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയതും പ്രതികളെ എറണാകുളത്തു നിന്ന് അറസ്റ്റ് ചെയ്തതും.

ഡിവൈ.എസ്.പി ആർ.ജയരാജ്, സർക്കിൾ ഇൻസ്പെക്ടർ ജിബു ജോൺ, എസ്.ഐ മാരായ റെജി തോമസ്, കൃഷ്ണകുമാർ, ശ്രീകുമാർ, എ.എസ് .ഐ മാരായ കൃഷ്ണൻകുട്ടി, അജു കെ.അലി,എസ്.സി.പി.ഒമാരായ എൽ.ടി.ലിജു, അജാസ്, സതീഷ്, സൂരജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. വി.ഡി.സുരേഷാണ് അമ്പാടിയുടെ പിതാവ്. മാതാവ് : ലത. ഭാര്യ :ഹണി. മകൻ: വാസുദേവ്.