 
തിരുവല്ല : നെടുമ്പ്രം പഞ്ചായത്ത് നിവാസികൾക്ക് മന്ത്രി പി.രാജീവിന്റെ കരുതൽ തുണയായി. പഞ്ചായത്തിൽ പൊതു ശ്മശാനമെന്ന ഭരണ സമിതിയുടെ ആവശ്യം തിരുവല്ല താലൂക്ക് അദാലത്തിൽ മുന്നിലെത്തിയതോടെ അവസാന കടമ്പയായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതികിട്ടി. മന്ത്രി പി.രാജീവിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്ന കുമാരിയും വൈസ് പ്രസിഡന്റ് ശൈലേഷ് മങ്ങാടും അനുമതിപത്രം ഏറ്റുവാങ്ങി. തിരുവല്ല അദാലത്ത് മുത്തൂർ ശ്രീ ഭദ്ര ഓഡിറ്റോറിയത്തിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. മന്ത്രി പി.രാജീവ് മുഖ്യസാന്നിദ്ധ്യമായി. മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷനായി. തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികൾ, ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, സബ് കളക്ടർ സുമീത് കുമാർ ഠാക്കൂർ, എ.ഡി.എം ബി. ജ്യോതി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വേദിയിൽ മുൻഗണനാ റേഷൻ കാർഡ് വിതരണം മന്ത്രിമാർ നടത്തി.
ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിച്ചാൽ നടപടി: വീണാ ജോർജ്
ഭിന്നശേഷിക്കാരുടെ ആനൂകൂല്യവും നിഷേധിക്കപ്പെടാൻ പാടില്ലെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.സർക്കാർ അംഗീകരിച്ച ഭിന്നശേഷി പാസ് കാണിച്ചാൽ പോലും ചില ബസുകളിൽ ഫുൾ ടിക്കറ്റ് നൽകുന്നെന്ന പരാതിയുമായി തോട്ടഭാഗം വടക്കുമുറിയിൽ തിരുവോണം വീട്ടിൽ എ. അക്ഷയ് എത്തിയിരുന്നു.
ആധാരത്തിലെ പിഴവിന് പ്രതിവിധി
ആധാരത്തിലെ തെറ്റുതിരുത്തലിനും അദാലത്തിൽ തീരുമാനമായി. ആധാരത്തിലെ സ്ഥലവിസ്തീർണത്തിലും സർവേ നമ്പറിലുമുള്ള വ്യത്യാസം പരിഹരിക്കാൻ പാടുപെട്ട കടമ്പ്ര വില്ലേജ് തഴകശേരിൽ വീട്ടിൽ ഷിജു കുമാർരമ ദമ്പതികളുടെ പരാതിയിൻമേലാണ് മന്ത്രി പി രാജീവ് പരിഹാരം കണ്ടത്. പോക്കുവരവ് നടത്തി കരം ഒടുക്കാമെന്ന് കടമ്പ്ര വില്ലേജ് ഓഫീസറും അറിയിച്ചു.
കുറ്റൂർ ജംഗ്ഷ്‌നിൽ പൊലീസ് പട്രോളിംഗും സിഗ്‌നൽ ലൈറ്റും
കുറ്റൂർ ജംഗ്ഷനിൽ സിഗ്‌നൽ ലൈറ്റും പൊലീസ് പട്രോളിംഗും ഉറപ്പാക്കും. കുറ്റൂർ അനുഗ്രഹ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ.ജയകൃഷ്ണനും ഭാരവാഹികളും അദാലത്തിൽ മന്ത്രി വീണാ ജോർജിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.