ചെന്നീർക്കര: ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് വിഭജനത്തിലെ അപാകതയ്ക്കെതിരെ പരാതി നൽകിയവരുമായി കളക്ടറേറ്റിൽ നിന്ന് എത്തിയ ഉദ്യോഗസ്ഥ സംഘം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കൂടിക്കാഴ്ച നടത്തി.

മുട്ടത്തുകോണത്തെ എസ്.എൻ.ഡി.പി സ്കൂളുകൾ വാർഡിന്റെ പേരു മാറ്റി ഒന്നും പതിനാലും വാർഡുകളായി വിഭജിച്ചതിനെതിരെയായിരുന്നു ആക്ഷേപം. വാർഡിന്റെ പേര് മുട്ടത്തുകോണം എന്നും എസ്.എൻ.ഡി.പി സ്കൂളുകളും ഗ്രൗണ്ടും ഗുരുമന്ദിരവും ഇതേ വാർഡിൽ നിലനിറുത്തണമെന്നും, നേരത്തേ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്ന കോൺഗ്രസ് നേതാക്കളായ എൻ.സജീവ് കുമാർ, പി.ഡി വിശ്വേശ്വരൻ, മാത്യു ഇലവിനാൽ, മുൻ പഞ്ചായത്തംഗം ടി.എസ് അമ്മിണി എന്നിവർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എസ്.എൻ.ഡി.പി സ്കൂളിന്റെ ഭാഗത്തു നിന്ന് പ്രിൻസിപ്പൽ സിരീഷ്, അദ്ധ്യാപകനായ സുധിരാജ്, എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് എന്നിവരും ഇതേ ആവശ്യം ഉന്നയിച്ചു.

വാർഡ് വിഭജനത്തിലെ അപാകതകൾക്കെതിരെ പരാതിയുമായി സി.പി.എം നേതാക്കളായ എ.പി അനു, രമേശ് ബാബു, സുശീലൻ, മോഹനൻ, ബി.ജെ.പി നേതാക്കളായ കെ.കെ ശശി, ശ്രീകുമാർ, ഉണ്ണികൃഷ്ണൻ, ദിനേശ് എന്നിവരും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

പരാതിക്കാർ ഉന്നയിച്ച കാര്യങ്ങൾ സഹിതം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.