
പത്തനംതിട്ട : ഗണപതിയും കാലനും കാഞ്ഞിരമാലയും ഭൈരവിയും തുള്ളിയുറയുന്ന പടയണിക്കളത്തിലെ സാന്നിദ്ധ്യമായ ആനന്ദ് സന്തോഷ് പേപ്പറും പേനയും ഉപയോഗിച്ച് കോലങ്ങൾക്ക് പുതിയമാനം ഒരുക്കുന്നു. പടയണി എന്ന അനുഷ്ഠാനകലയെ കൂടുതൽ ജനപ്രിയമാക്കാൻ കോലങ്ങളുടെ ചെറുരൂപങ്ങൾ ഒരുക്കുകയാണ് പടയണിക്കലാകാരനായ ഈ യുവാവ്. ഇലന്തൂർ മേലേടത്ത് വീട്ടിൽ ആനന്ദ് കഴിഞ്ഞ നാലുവർഷമായി പടയണിക്കളങ്ങളിൽ സജീവമാണ്. പച്ചപ്പാളയിൽ വരച്ചെടുക്കുന്ന കോലങ്ങൾ തുള്ളിയുറയുന്ന കാവുകൾ നൽകിയ ഉൗർജം കരുത്താക്കി ആനന്ദ് കോലങ്ങളെ കടലാസിലേക്ക് പകർത്തിയെഴുതുകയാണ്. പേനയുപയോഗിച്ച് പേപ്പറിൽ കോലങ്ങൾ വരയ്ക്കാൻ തുടങ്ങിയിട്ട് രണ്ടുവർഷമായി. വരച്ച ചിത്രങ്ങൾ ചാർട്ട് പേപ്പറിൽ ഒട്ടിച്ചെടുക്കും. പേസ്റ്റൽ നിറം ഉപയോഗിച്ച് വർണങ്ങൾ നൽകും. പ്രകൃതി നിർമ്മിത നിറക്കൂട്ടുകളാണ് പടയണിയിൽ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ലഭിക്കാൻ ബുദ്ധിമുട്ടാണ്. പേസ്റ്റൽ നിറങ്ങൾ മാത്രമാണ് കുറച്ചെങ്കിലും യോജിക്കുന്നതെന്ന് ആനന്ദ് പറഞ്ഞു.
ബെംഗളൂരുവിൽ ബി.എസ് സി ഇലക്ട്രോണിക്സ് മൂന്നാംവർഷ വിദ്യാർത്ഥിയാണ് ഇരുപതുകാരനായ ആനന്ദ്. ഒഴിവുസമയം കൗതുകത്തിന് തുടങ്ങിയതാണ് കോലങ്ങളുടെ വര.
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ പിതാവ് സന്തോഷും പടയണികലാകാരനാണ്. അമ്മ ലേഖ കേരളാ ബാങ്ക് ജീവനക്കാരിയും. ജ്യേഷ്ഠൻ ആരോമൽ വാഹനങ്ങളുടെ മിനിയേച്ചർ രൂപം ഉണ്ടാക്കി ശ്രദ്ധനേടിയിരുന്നു.