
പത്തനംതിട്ട: സി.പി.എം ജില്ലാ സമ്മേളനം ഈ മാസം 27, 28, 29, 30 തീയതികളിൽ കോന്നിയിൽ നടക്കും. വകയാർ മേരിമാതാ ഓഡിറ്റോറിയത്തിലാണ് പ്രതിനിധി സമ്മേളനം. 28ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 27ന് പതാക, കൊടിമര ജാഥകൾ എത്തും.
30ന് കോന്നി കെ.എസ്.ആർ.ടി.സി കോർണറിൽ നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബ്രാഞ്ച്, ലോക്കൽ, ഏരിയ എന്നീ തലങ്ങളിലെ സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലയിലുടനീളം പതാക ദിനം ആചരിച്ചു. ജില്ലാ കമ്മറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പതാക ഉയർത്തി. സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന കോന്നി ഏരിയയിലെ പഞ്ചായത്ത്, വില്ലേജ്, വാർഡ് കേന്ദ്രങ്ങളിൽ കുടുംബസംഗമങ്ങൾ പുരോഗമിക്കുകയാണ്.
ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സെമിനാറുകൾ നടത്തും. പത്തനംതിട്ടയിലെ സെമിനാർ 20ന് ഉച്ചയ്ക്ക് രണ്ടിന് ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും. 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും, ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്നതാണ് വിഷയം. ഡോ.സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും.
കെ.പി.ഉദയഭാനു ഒഴിയും
ജില്ലാസെക്രട്ടറി പദവിയിൽ മൂന്ന് ടേം പൂർത്തിയാക്കിയ കെ.പി.ഉദയഭാനുവിന് പകരം പുതിയ ആളെത്തും. സംഘടനാചട്ടം അനുസരിച്ച് ഒരാൾക്ക് പരമാവധി മൂന്ന് തവണയാണ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാനാവുക. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പല പേരുകൾ ചർച്ചയാകുന്നു. രാജു ഏബ്രഹാം, എ.പത്മകുമാർ, ഓമല്ലൂർ ശങ്കരൻ, ടി.ഡി.ബൈജു എന്നിവർ പരിഗണനാപട്ടികയിൽ ഉണ്ടാകുമെന്ന് അറിയുന്നു. എഴുപത്തിയഞ്ച് എന്ന പ്രായപരിധിയടുത്ത നിർമ്മലാദേവി സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിഞ്ഞേക്കും. കെ.പി.ഉദയഭാനു, പി.ബി.ഹർഷകുമാർ, പി.ജെ.അജയകുമാർ, ആർ.സനൽകുമാർ, പി.ആർ.പ്രസാദ് എന്നിവരാണ് ജില്ലാ സെക്രട്ടറിയേറ്റിലെ മറ്റ് അംഗങ്ങൾ.
27, 28, 29, 30 തീയതികളിൽ കോന്നിയിൽ