
പത്തനംതിട്ട : വഴിയിലും കടത്തിണ്ണയിലും ബസ് സ്റ്റാൻഡിലും എന്നുവേണ്ട ആശുപത്രി വരാന്തയിൽ പോലും തെരുവുനായകൾ വലിയ ശല്യമാവുകയാണ്. 2019ന് ശേഷം തെരുവ് നായകളുടെ കണക്കെടുക്കാത്തതിനാൽ നായകൾ പെരുകിയതിൽ ഒരു വ്യക്തതയുമില്ല. 2019ലെ ലൈഫ് സ്റ്റോക്ക് സെൻസസ് പ്രകാരം 75,000 നായ്ക്കളാണ് ജില്ലയിൽ ഉണ്ടായിരുന്നത്. ഇതിൽ 61,000 വളർത്തുനായ്ക്കളും 14,000 തെരുവുനായ്ക്കളുമുണ്ട്. 2024ൽ ജില്ലയിലെ തെരുവുനായകളുടെ എണ്ണം 2019ൽ രേഖപ്പെടുത്തിയതിന്റെ രണ്ടിരട്ടിയിലധികമാകുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ കൃത്യമായ കണക്ക് അധികൃതരുടെ പക്കലില്ല.
തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് നായശല്യം രൂക്ഷമാണ്. കുട്ടികളുടെയും ഗർഭിണികളുടെയും വാർഡിലേക്ക് പോകണമെങ്കിൽ നായകളെ ഭയക്കണം.
എ.ബി.സി പദ്ധതിക്ക് ഒരു കോടി
ഒരു കോടി രൂപ ചെലവിട്ട് ജില്ലാ പഞ്ചായത്ത് എ.ബി.സി പദ്ധതിക്കായി കടപ്രയിൽ ആരംഭിച്ച കെട്ടിടത്തിന്റെ നിർമ്മാണം പ്രാരംഭ ഘട്ടത്തിലാണ്. അത്യാധുനിക രീതിയിലുള്ള ഒറ്റനില കെട്ടിടമാണ് നിർമ്മിക്കുന്നത്. അടിത്തറ മാത്രമാണ് നിലവിൽ പൂർത്തിയായിരിക്കുന്നത്. മഴകാരണം നിർമ്മാണം തടസപ്പെട്ടെന്നാണ് അധികൃതരുടെ വിശദീകരണം.
കുടുംബശ്രീയുടെ നേതൃത്വത്തിലാണ് അനിമൽ ബർത്ത് കൺട്രോളിംഗ് (എ.ബി.സി) പദ്ധതി നടന്നിരുന്നത്. ആനിമൽ വെൽഫെയർ ബോർഡിന്റെ സർട്ടിഫിക്കേഷൻ ഇല്ലെന്ന കാരണത്താൽ കുടുംബശ്രീയുടെ എ.ബി.സി പദ്ധതി ഹൈക്കോടതി സ്റ്റേ ചെയ്തു. 2020ന് ശേഷം ജില്ലയിൽ പദ്ധതി നടന്നിട്ടില്ല.
എ.ബി.സി കേന്ദ്രം, അഭയകേന്ദ്ര നിർമ്മാണം, നായ പിടുത്തത്തിന് പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക പദ്ധതി തയ്യാറാക്കാൻ ജില്ലാ പഞ്ചായത്ത് നിർദ്ദേശിച്ചെങ്കിലും ഒരു തദ്ദേശ സ്ഥാപനവും മുന്നോട്ട് വന്നില്ല.
കടപ്ര പഞ്ചായത്തിലെ പുളിക്കീഴിൽ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മഴകാരണം നിർമ്മാണത്തിന് തടസം സംഭവിക്കുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് അധികൃതർ