ചെങ്ങന്നൂർ: ചെറിയനാട്ട് റെയിൽവേയുടെ സമാന്തരപാതയിലെ കാടുവെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കി 14-ാം വാർഡിലെ തൊഴിലുറപ്പ് അംഗങ്ങൾ. ചെറിയനാട്ട് റെയിൽവേ ഗേറ്റ് അടച്ചാൽ തോനയ്ക്കാട്, ബാലസുബ്രഹ്മണ്യ ക്ഷേത്രം, ദേവസ്വം ബോർഡ്ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ജോസഫ് സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകാനായി വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാർ സഞ്ചരിക്കുന്ന വഴിയാണ് ഇത്. നാളുകളായി ഒരാൾ പൊക്കത്തിൽ പുല്ലു വളർന്ന് സമീപത്തു കൂടി കടന്നുപോകുന്ന കനാൽ കാണാൻ പറ്റാത്ത സ്ഥിതിയും ഇഴജന്തുക്കളുടെ ആവാസകേന്ദ്രവുമായിരുന്നു. സന്ധ്യ കഴിഞ്ഞ് ഇതിലേയുളള യാത്ര ദുഷ്കരമായിരുന്നു. പ്രദേശവാസികളുടെയും യാത്രക്കാരുടെയും പരാതിയെത്തുടർന്ന് പതിനാലാം വാർഡ് അംഗം എം. രജനീഷിന്റെ നിർദ്ദേശപ്രകാരമാണ് തൊഴിലുറപ്പ് അംഗങ്ങൾ ചെറിയനാട്ട് റെയിൽവേ സമാന്തരപാതയിലെ കാടുവെട്ടി തെളിച്ച് റോഡ് സഞ്ചാര യോഗ്യമാക്കിയത്.