 
ശബരിമല : ശബരിമല തീർത്ഥാടകരുമായി പോയ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ബസുകളിൽ കൂടുതൽ പേരും തമിഴ്നാട് സ്വദേശികളായിരുന്നു. ഇന്നലെ പുലർച്ചെ രണ്ടിന് ചാലക്കയത്തായിരുന്നു അപകടം. എരുമേലിക്ക് പോയ ബസും നിലയ്ക്കൽ നിന്നും പമ്പയ്ക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്. 
ബസുകളുടെ മുൻവശത്തെ ചില്ലുകൾ തകർന്നു. ഡ്രൈവർമാരായ സന്തോഷ് ആന്റണി, വി.എ ജോസഫ്, യാത്രക്കാരായ തമിഴ്നാട് കാഞ്ചീപുരം സ്വദേശികളായ അലമേലു (55), യുവരാജ് (33), സുബ്രഹ്മണ്യൻ (65), സഞ്ജയ് സുകുമാർ (23), പുതുക്കോട്ടൈ സ്വദേശികളായ ശക്തിവേൽ (37), രാംകുമാർ (33), കൊടുംബലൂർ സ്വദേശി മുത്തുകുമാർ (43), ഗോപി (39), ധർമരാജ (40), അജിത്കുമാർ (28), അനീഷ് (29), മണികണ്ഠൻ (29) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ബസ് ഡ്രൈവർ സന്തോഷിനെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മുന്നറിയിപ്പുണ്ട്, ഒപ്പം അപകടക്കെണിയും
റാന്നി : അപകട മേഖല... വേഗത കുറച്ചു പോകുക... ചെത്തോങ്കര - അത്തിക്കയം റോഡിൽ കക്കൂടുമൺ ജംഗ്ഷന് സമീപമുള്ള മുന്നറിയിപ്പ് ബോർഡാണിത്. ഇതിന് സമീപമുള്ള വസ്തുവിലെ സംരക്ഷണഭിത്തി ഇടഞ്ഞു കല്ലും മണ്ണും റോഡിലേക്ക് വീണുകിടക്കുന്നത് മറ്റൊരു അപകടക്കെണിയാകുകയാണ്. കനത്തമഴയിൽ ഇടിഞ്ഞു വീണ കല്ലും മണ്ണും ആഴ്ചകൾ പിന്നിട്ടിട്ടും നീക്കം ചെയ്തിട്ടില്ല. റോഡിലേക്ക് ഒലിച്ചറിങ്ങുന്ന വെള്ളവും ഭീഷണിയാകുന്നു. ഇരുചക്ര വാഹന യാത്രക്കാർ ഇവിടെ അപകടത്തിൽപ്പെടാൻ സാദ്ധ്യതയേറെയാണ്.
അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന തീർത്ഥാടകർക്ക് പാതയെപ്പറ്റി കൃത്യമായ ധാരണ ഇല്ലാത്തതിനാൽ അപകടങ്ങൾ ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്.
സൂരജ് , യാത്രക്കാരൻ