ജനങ്ങളുടെ അവകാശങ്ങൾ തടയരുത് : മന്ത്രി പി.രാജീവ്
കോന്നി: ജില്ലയിലെ താലൂക്ക് തല അദാലത്തുകൾക്ക് കോന്നിയിൽ സമാപനം. കോന്നി താലൂക്ക് അദാലത്ത് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ മന്ത്രി പി.രാജീവ് അദാലത്ത് ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥ സംവിധാനത്തിലെ വേഗതക്കുറവാണ് അദാലത്തുകളിലേക്ക് നയിക്കുന്നതെന്ന് തിരിച്ചറിയാനാകണമെന്ന് മന്ത്രി പറഞ്ഞു. ഇല്ലാത്തപ്രശ്നങ്ങളുടെ പേരിൽ ജനങ്ങളുടെ അവകാശങ്ങൾ ഉദ്യോഗസ്ഥർ നീട്ടിക്കൊണ്ടുപോകരുത്. തടസങ്ങൾ സൃഷ്ടിക്കാൻ ഗവേഷണം നടത്തുന്ന ഉദ്യോഗസ്ഥരീതി ഭൂഷണമല്ല. ഫയലുകൾ തീർപ്പാക്കാൻ കാലതാമസവും പാടില്ല. നിയമങ്ങളും ചട്ടങ്ങളും മനുഷ്യർക്ക് ഗുണകരമാകുന്ന രീതിയിലാണ് വ്യാഖ്യാനിക്കേണ്ടത്. ചട്ടങ്ങളിൽ മാറ്റംവരുത്തേണ്ടവ പരിഗണിക്കും. നീതിനിർവഹണത്തിലെ വേഗതയാണ് സേവനത്തിലെ ഗുണമേൻമയുടെ അളവുകോൽ എന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വീണാജോർജ് അദ്ധ്യക്ഷയായി. മുൻഗണനാ റേഷൻ കാർഡുകൾ മന്ത്രിമാർ വിതരണം ചെയ്തു. കെ.യു. ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനീത്, എ.ഡി.എം ബി.ജ്യോതി തുടങ്ങിയവർ പങ്കെടുത്തു.
തോമസിന് ഭയമില്ലാതെ ഉറങ്ങാം
'മരം ഒരു വരം' എന്നൊക്കെയാണെങ്കിലും പുരയ്ക്ക് മേലെ ചാഞ്ഞാൽ കടയ്ക്കൽ കത്തിവയ്ക്കാമെന്ന് മന്ത്രി പി. രാജീവിന്റെ തീർപ്പ്. ഇതോടെ ചിറ്റാർ പഞ്ചായത്ത് നെല്ലിക്കപറമ്പിൽ എൻ.ടി.തോമസിന് വീട്ടിൽ പ്രാണഭയമില്ലാതെ ഉറങ്ങാം. രണ്ടുവർഷമായി വീടിന്അരികിൽ ഭീഷണി ഉയർത്തിയിരുന്ന കൂറ്റൻപ്ലാവ് മുറിക്കാൻ തീരുമാനമായതാണ് ആശ്വാസം. അയൽപറമ്പിലെ മരമാണ് 40 വർഷം പഴക്കുള്ള തോമസിന്റെ വീടിന് ഭീഷണിയായത്.
സുഷമയ്ക്ക് ആശ്വാസമായി പെൻഷൻ
കൊവിഡ് മരണാനന്തര പെൻഷനായി അപേക്ഷിച്ച് രണ്ടര വർഷം പിന്നിട്ടിട്ടും ഫലമില്ലന്ന പരാതിയുമായാണ് തണ്ണിത്തോട് കോയിക്കലേത്ത് വീട്ടിൽ സി. സുഷമ അദാലത്തിൽ എത്തിയത്. സുഷമയുടെ ഭർത്താവ് പ്രസന്നൻ കൊവിഡ് ബാധിച്ച് 2021 നവംബറിലാണ് മരിച്ചത്. രണ്ട് പെൺമക്കളെയും സുഷമയേയും പ്രസന്നന്റെ മരണം തളർത്തി. പഞ്ചായത്തിൽ നിന്ന് ബി.പി.എൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന കാരണത്തിലാണ് വില്ലേജിലെ മുൻ ഉദ്യോഗസ്ഥർ പെൻഷന് നടപടി സ്വീകരിക്കാതിരുന്നത്. സർട്ടിഫിക്കറ്റ് കളക്ടർ പരിശോധിച്ച് സഹായധനത്തിന് ശുപാർശ ചെയ്തു. ഇനി മൂന്നു വർഷം സുഷമയ്ക്ക് 5000 രൂപ പ്രതിമാസ പെൻഷൻ ലഭിക്കും.