
ശബരിമല : കാനനപാതയിലൂടെ എത്തുന്ന തീർത്ഥാടകർക്ക് ദർശനത്തിന് പ്രത്യേക പാസ് നൽകാൻ തീരുമാനമായി. എരുമേലി മുതൽ പമ്പ വരെ 30 കിലോമീറ്റർ കാനനപാതയിലൂടെ വരുന്നവർക്കാണ് പാസ് നൽകുക. മുക്കുഴിയിൽ നിന്ന് ലഭിക്കുന്ന എൻട്രി പാസ്സുമായി പുതുശ്ശേരി താവളത്തിൽ നിന്ന് സീൽ വാങ്ങി തുടർന്ന് വലിയാനവട്ടം താവളത്തിൽ നിന്ന് എക്‌സിറ്റ് സീൽ വാങ്ങി മരക്കൂട്ടത്ത് എത്തുന്ന ഭക്തരെ ക്യൂ നിൽക്കാതെ ദർശനം അനുവദിക്കുന്നതിന് വേണ്ടിയാണ് പാസ് ഏർപ്പെടുത്തിയത്. ജില്ലാ ഭരണകൂടത്തിന്റെയും ദേവസ്വം ബോർഡിന്റയും നിർദ്ദേശാനുസരണം പൊലീസും വനംവകുപ്പും യോജിച്ചാണ് പാസ് നൽകുന്നത്. ഇന്ന് രാവിലെ 7ന് മുക്കുഴിയിൽ നടക്കുന്ന ചടങ്ങിൽ ശബരിമല അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഡോക്ടർ അരുൺ എസ്.നായർ തീർത്ഥാടകർക്ക് പാസ് നൽകി ഉദ്ഘാടനം ചെയ്യും. പെരിയാർ വെസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ സന്ദീപ്.എസ് പങ്കെടുക്കും.
സന്നിധാനത്ത് ചാറ്റൽമഴ
ശബരിമല : സന്നിധാനത്ത് ഇന്നലെ വൈകിട്ട് പെയ്ത ചാറ്റൽമഴ തീർത്ഥാടകരെ ബുദ്ധിമുട്ടിലാക്കി. മഴ നനഞ്ഞും അയ്യപ്പ ദർശനത്തിന് കാത്തുനിന്നത് ആയിരക്കണക്കിന് തീർത്ഥാടകരാണ്. ശക്തമായ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. രാത്രി 9 വരെ 76,964 പേർ ദർശനം നടത്തി.  ഇന്നലെ വൈകിട്ട് ഇടിമിന്നലോടുകൂടിയ മഴ മുന്നറിയിപ്പ് നൽകിയിരുന്നു.