ശബരിമല ; ശബരിമലയിൽ മണ്ഡലം മകരവിളക്ക് തീർത്ഥാടനം ആരംഭിച്ചശേഷം ഇതുവരെ 135 പാമ്പുകളെ വനംവകുപ്പ് പിടികൂടി. ഇന്നലെ മാത്രം നാലു പാമ്പുകളെ പിടികൂടി. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളിലായി മൂന്ന് പാമ്പുപിടുത്തക്കാരെ ഇതിനായി പരിശീലനം നൽകി വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്. മൂർഖൻ, അണലി, ശംഖുവരയൻ, കാട്ടുപാമ്പ്, പച്ചില പാമ്പ്, ചേര, ചട്ടിത്തലയൻ, നാഗത്താൻ എന്നീ പാമ്പുകളെയാണ് പിടികൂടിയത്. ചേര, ചട്ടി തലയൻ, നാഗത്താൻ, പച്ചില പാമ്പ് എന്നിവയെയാണ് ഇന്നലെ പിടികൂടിയത്. തീർത്ഥാടകർ വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകരുതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. തീർത്ഥാടകർ ശരിയായ വഴിയിലൂടെ സന്നിധാനത്തേക്ക് പോവുകയും തിരിച്ചുപോവുകയും വേണം. വന്യജീവി സാന്നിദ്ധ്യം കണ്ടെത്തിയാൽ വനംവകുപ്പിനെ വിവരമറിയിക്കാവുന്നതാണ്. പുല്ലുമേട് എരുമേലി കാനനപാതയിലൂടെ വരുന്ന തീർത്ഥാടകരും വനംവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. വനംവകുപ്പ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. സന്നിധാനത്ത് പാമ്പ് പിടിത്ത വിദഗ്ധരായ അഭിനേഷ് ,ബൈജു എന്നിവരെയും മരക്കൂട്ടത്ത് വിശാലിനെയും വനംവകുപ്പ് നിയോഗിച്ചിട്ടുള്ളത്. കാനനപാതയിലൂടെ വരുന്ന ഭക്തർക്ക് ശാരീരിക ക്ഷീണം നേരിടുമ്പോൾ വനംവകുപ്പ് ജീവനക്കാരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ദിവസവും നിരവധി തീർത്ഥാടകർക്ക് വനം വകുപ്പ് സഹായം നൽകുന്നു.