കോന്നി: കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന പത്താമത് കോന്നി ഫെസ്റ്റ് 20 മുതൽ ജനുവരി 1 വരെ പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കും. നൂറിൽപരം സ്റ്റാളുകൾ, കുട്ടികൾക്കുള്ള വിവിധ വിനോദങ്ങൾ, ഫുഡ് കോർട്ട് വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമുള്ള മത്സരങ്ങൾ കലാസന്ധ്യ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. കോന്നി നിയോജക മണ്ഡലത്തിന്റെ അഭിമാനമായി വിവിധ മേഖലകളിൽ ശ്രദ്ധേയരായവരെ വിവിധ ദിവസങ്ങളിൽ ആദരിക്കും. ചലച്ചിത്ര സീരിയൽ താരങ്ങളും വിവിധ ടി.വി പരിപാടികളിലൂടെ ശ്രദ്ധേയരായ കലാകാരന്മാരും അണിനിരക്കുന്ന തോടൊപ്പം നിയോജകമണ്ഡലത്തിലെ വിവിധ കലാസംഘങ്ങളുടെ പരിപാടികളും ദിവസവും നടക്കും. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഒരുപോലെ പങ്കെടുക്കുവാൻ കഴിയുന്ന ക്രിസ്മസ് ഗാനാലാപന മത്സരം , ചലച്ചിത്ര ഗാനാലാപന മത്സരം , ചിത്രരചന മത്സരം , സിനിമാറ്റിക് ഡാൻസ് മത്സരം എന്നിവയും നടക്കും. 20ന് വൈകിട്ട് 7ന് കൾച്ചറൽ ഫോറം രക്ഷാധികാരി കൂടിയായ അടൂർ പ്രകാശ് എം.പി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ചെയർമാൻ റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിക്കും. അതിവേഗ കാർട്ടൂണിസ്റ്റ് അഡ്വ: ജിതേഷ്ജി മുഖ്യാതിഥിയായി പങ്കെടുക്കും ക്രിസ്മസ് ആഘോഷങ്ങൾ 25ന് വൈകിട്ട് 7 ന് പിന്നണി ഗായകൻ കെ.ജി. മാർക്കോസ് ഉദ്ഘാടനം ചെയ്യും. 27ന് കോന്നി നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാരായ നൃത്ത അദ്ധ്യാപകരെ ആദരിക്കുന്ന ദേവാങ്കണം പരിപാടി ചലച്ചിത്ര ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ജനുവരി 1 ന് വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. ഫെസ്റ്റിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ചെയർമാൻ റോബിൻ പീറ്റർ, കൺവീനർ ബിനുമോൻ ഗോവിന്ദൻ എന്നിവർ അറിയിച്ചു.