sabarimala

ശബരിമല : നിശ്ചയിച്ച വിലയിൽ കൂടുതൽ നിരക്ക് ഈടാക്കുക, തൂക്കംകുറച്ച് സാധനങ്ങൾ നൽകുക, അമിതനിരക്ക് ഈടാക്കുക എന്നിങ്ങനെയുള്ള ക്രമക്കേടുകളിൽ കണ്ടെത്തി ലീഗൽ മെട്രോളജി വകുപ്പ് 181കേസുകൾ രജിസ്റ്റർ ചെയ്തു. 10.87ലക്ഷം രൂപ പിഴ ഈടാക്കി. ശബരിമല മണ്ഡലകാലം തുടങ്ങിയശേഷം സന്നിധാനം, പമ്പ, നിലയ്ക്കൽ, ഔട്ടർ പമ്പ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വിവിധ സ്‌ക്വാഡുകളായി നടത്തിയ പരിശോധനകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഈമാസം 17വരെയുള്ള കണക്കാണിത്. വിരിവയ്ക്കാനും പായയും തലയിണയും വാടകയായി നൽകാനും നിശ്ചയിച്ച നിരക്കിൽ കൂടുതൽ തുക പലയിടത്തും ഈടാക്കി.

വിവിധയിടങ്ങളിലെ കേസുകളും പിഴയും

സന്നിധാനത്ത് : 91,

ഈടാക്കിയ പിഴ : 5.76 ലക്ഷം

പമ്പയിൽ : 53,

ഈടാക്കിയ പിഴ : 2.7ലക്ഷം

നിലയ്ക്കലിൽ : 32,

ഈടാക്കിയ പിഴ : 2.22 ലക്ഷം

ഔട്ടർ പമ്പയിൽ : 5,

ഈടാക്കിയ പിഴ : 19,000 രൂപ

മൂന്ന് തവണ പരി​ശോധന

രാവിലെയും വൈകിട്ടും രാത്രിയിലുമാണ് ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി സ്‌ക്വാഡ് കടകളിലും ഹോട്ടലുകളിലും വിരികളിലും സ്റ്റാളുകളിലുമെല്ലാം പരിശോധന നടത്തുന്നത്. സന്നിധാനത്തും പരിസരത്തുമായി 85 കടകളുണ്ട്. ചായ ഒരുകപ്പിൽ 150 മില്ലിലിറ്റർ ഉണ്ടായിരിക്കണമെന്ന നിബന്ധന പലകടകളിലും പാലിക്കുന്നില്ല. അതേസമയം, വിലവിവരപ്പട്ടിക ഏതാണ്ട് എല്ലാകടകളിലും സ്റ്റാളുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. വിലവിവര പട്ടികയിലെ നിരക്കിനേക്കാൾ കൂടുതൽതുക തീർത്ഥാടകരിൽനിന്ന് ഈടാക്കിയതിനും കേസെടുത്തു.

ഏഴുപേരുള്ള ഓരോ സ്ക്വാഡിലും ലീഗൽ മെട്രോളജി ഇൻസ്പെക്ടറും ഇൻസ്‌പെക്ടിംഗ്
അസിസ്റ്റന്റും കൂടാതെ റവന്യൂ വിഭാഗത്തിലെ ജീവനക്കാരുമുണ്ട്.