ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ പുതിയ എൽ.പി.ജി ബോട്ടിലിംഗ് പ്ലാന്റ് അനുവദിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് എസ്.പുരിയോട് അഭ്യർത്ഥിച്ചു. മേഖലയിൽ എൽപിജിയുടെ വർദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കാൻ ഇത്തരമൊരു സൗകര്യം അടിയന്തരമായി വേണമെന്ന് മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ എം. പി ആവശ്യമുന്നയിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ നിവാസികൾ നേരിടുന്ന വെല്ലുവിളികൾ ഉയർത്തിക്കാട്ടി, ഈ മേഖലയിൽ നിന്ന് അകലെ സ്ഥിതി ചെയ്യുന്ന നിലവിലുള്ള ബോട്ടിലിംഗ് അടിസ്ഥാന സൗകര്യങ്ങൾ പലപ്പോഴും കാലതാമസത്തിനും ഗതാഗതച്ചെലവുകൾക്കും വിശ്വാസ്യതയില്ലാത്ത വിതരണ ശൃംഖലയ്ക്കും കാരണമാകുന്നതായി സുരേഷ് ചൂണ്ടിക്കാട്ടി. ചെങ്ങന്നൂരിലെ പുതിയ ബോട്ടിലിംഗ് പ്ലാന്റ് വിതരണ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനൊപ്പം ഗാർഹിക, വാണിജ്യ ഉപയോക്താക്കൾക്ക് സ്ഥിരമായ എൽപിജി വിതരണം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.