c

പത്തനംതിട്ട: ദേശീയ കന്നുകാലി സർവേയുടെ പ്രവർത്തനങ്ങൾക്ക് ജില്ലയിലും തുടക്കമായി. ദേശീയതലത്തിൽ ഇക്കഴിഞ്ഞ ഒക്ടോബർ 25ന് സർവേ തുടങ്ങിയിരുന്നു. സംസ്ഥാനത്ത് സർവേ തുടങ്ങാൻ കുടുംബശ്രീയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ (പശുസഖിമാർ) പരിശീലനം പൂർത്തിയായിരുന്നില്ല. കുടുംബശ്രീ പ്രവർത്തകരെ ലഭിക്കാനുള്ള കാലതാമസമാണ് ജില്ലയിലടക്കം സർവേ വൈകാൻ കാരണം.

ഒരാൾ മൂവായിരം വീടുകളാണ് സന്ദർശിക്കുന്നത്. നാലുമാസം കൊണ്ട് സർവേ പൂർത്തിയാകും. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സന്ദർശിക്കും. അറവുശാലകൾ, മാംസ സംസ്കരണ പ്ളാന്റുകൾ, ഗോശാലകൾ എന്നിവയുടെ വിവരങ്ങളും ശേഖരിക്കും.

മൊബൈൽ ആപ്പിലാണ് പശുസഖിമാർ വിവരങ്ങൾ നൽകേണ്ടത്. ഇതിന് യൂസർ ഐഡിയും പാസ് വേർഡും നൽകി. ഒാരോ പഞ്ചായത്തിലും വെറ്റിറിനറി ഒാഫീസർമാർക്കാണ് സർവേയുടെ ചുമതല.

ഗ്രാമങ്ങളിൽ ഒരു വീട്ടിൽ സർവേ നടത്തുന്നതിന് എട്ട് രൂപയും നഗരങ്ങളിൽ ഒൻപത് രൂപയും ലഭിക്കും. മൊബൈൽ ആപ്പിലേക്ക് വിവരങ്ങൾ നൽകുന്നതിനുള്ള ഇന്റർനെറ്റ് ചെലവും ബാറ്ററി പവർ ബാങ്കും മൃഗസംരക്ഷണ വകുപ്പ് അനുവദിക്കും..ജില്ലയിലെ കന്നുകാലി കണക്കെടുപ്പ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ വീട്ടിൽ നിന്ന് ആരംഭിച്ചു. കന്നുകാലികൾ, വളർത്തു നായകൾ, പക്ഷികൾ എന്നിവയുടെ വിവര ശേഖരണം നടത്തി. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ. ഡോ. ജെ. ഹരികുമാർ, വെറ്ററിനറി സർജൻ. ഡോ. എസ്. വിഷ്ണു, തുടങ്ങിയവർ പങ്കെടുത്തു.

പുതിയ പദ്ധതികൾ, തൊഴിലവസരം

ഇരുപത്തിയൊന്നാമത് ദേശീയ കന്നുകാലി സർവേയുടെ ഭാഗമായാണ് കേന്ദ്രസർക്കർ വിവര ശേഖരണം നടത്തുന്നത്. കർഷകർക്കും ക്ഷീര മേഖലയ്ക്കും വേണ്ടിയുളള പദ്ധതികൾ തയ്യാറാക്കുകയാണ് ലക്ഷ്യം. മൃഗസംരക്ഷണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കും

ജില്ലയിൽ 118 കുടുംബശ്രീ പ്രവർത്തകരെ തിരഞ്ഞെടുത്തെങ്കിലും മുപ്പതോളം പേർ പരിശീലനത്തിന് എത്തിയില്ല. പകരം കുടുംബശ്രീ പ്രവർത്തകരെ ലഭിക്കാൻ താമസം വന്നതോടെ സർവേ തുടങ്ങാൻ വൈകി. ഒടുവിൽ, പരിശീലനം കഴിഞ്ഞ അൻപത് പേരെ സർവേയ്ക്ക് നിയോഗിച്ചു. പുതിയ ആളുകൾക്കുള്ള പരിശീലനം പൂർത്തിയാക്കി ഉടനെ സർവേയ്ക്ക് നിയോഗിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.

# അവസാനം സർവേ നടന്നത് 2019ൽ

# ജില്ലയിലെ വർളത്തുമൃഗങ്ങൾ

പശു, കാള 61157

പോത്ത്, എരുമ 3260

ആട്: 52106

പന്നി 894

മൃഗസംരക്ഷണ വകുപ്പ് നൽകിയ തിരിച്ചറിയൽ കാർഡുമായി വരുന്ന എന്യൂമറേറ്റർമാർക്ക് ആവശ്യമായ വിവരങ്ങൾ നൽകണം

മൃഗസംരക്ഷണ വകുപ്പ് അധികൃതർ