റാന്നി: പെരുനാട്ടിൽ ഇന്നലെ പുലർച്ചെയും പകലുമായി രണ്ടു തീർത്ഥാടക വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ഇന്നലെ പുലർച്ചെ 2.30ന് ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശികൾ സഞ്ചരിച്ച കാർ പെരുനാട് മടത്തുംമൂഴി കാനറാ ബാങ്കിന് സമീപം കുഴിയിലേക്ക് വീണു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.അപകടത്തിൽ നേരിയ പരിക്ക് പറ്റിയ തീർത്ഥാടകരെ പെരുനാട് ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സക്കായി കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പുതുക്കട തേവർവേലിൽ സ്കൂളിന് സമീപം സ്കൂൾ ബസിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടയിൽ ശബരിമല തീർത്ഥാടക വാഹനം റോഡിന്റെ വശത്തേക്ക് ചരിഞ്ഞു . റോഡിന്റെ ഒരുവശത്തെ വലിയ കട്ടിങ്ങിൽ ചാടിയ വാഹനത്തിന്റെ ഒരു വശം ഭിത്തിയിൽ ഇടിച്ചു. ബസിന്റെ അടിഭാഗം റോഡിൽ ഉരയുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കില്ല. ഏറെനേരം ഗതാഗതക്കുരുക്ക് ഉണ്ടായി. സംഭവം നടന്ന ഉടനെ പെരുനാട് ,വടശ്ശേരിക്കര പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പാതയുടെ നവീകരണം വൈകുന്നതും റോഡിന്റെ വശത്തെ വലിയ കട്ടിങ് മാറ്റി ഓട നിർമ്മിക്കുകയോ ഇന്റർലോക്ക് കട്ട പാകുകയോ ചെയ്യാത്തതുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കി വരുന്ന സേഫ് സോൺ പദ്ധതി പാളുന്നതായും ആക്ഷേപമുണ്ട്.