ചെങ്ങന്നൂർ: ക്രിസ്‌മസിന് ഒരാഴ്ച മാത്രം ശേഷിക്കെ സപ്ലൈകോ ഔട്ട്ലെറ്റുകളിലെ റാക്കുകളിൽ അവശ്യസാധനങ്ങളില്ല. വിലവർദ്ധനവിനൊപ്പം സബ്സിഡി സാമഗ്രികളുടെ ലഭ്യതക്കുറവ് കൂടിയായതോടെ സാധാരണക്കാരന്റെ ജീവിതം അവതാളത്തിലായി. കച്ചവടം കുറഞ്ഞതോടെ ഇവിടത്തെ ദിവസവേതനക്കാരുടെ സ്ഥിതിയും മെച്ചമല്ല. വെളിച്ചെണ്ണ എത്തിയിട്ട് മൂന്നുമാസമായി. പഞ്ചസാര, അരി, പരിപ്പ് തുടങ്ങി ചുരുക്കം സാധനങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. അതും രണ്ടാംതരം ഉല്പ്പന്നങ്ങളാണെന്ന് ആക്ഷേ പം ശക്തമാണ്. സാധാരണക്കാർക്ക് അത്താണിയാകേണ്ട സപ്ലൈകോയിൽ സാധനങ്ങൾ കുറയുന്നതിന്റെ പേരിൽ ലാഭം കൊയ്യുന്നത് വൻകിട സ്വകാര്യകച്ചവടക്കാരാണ്. കൊവിഡിന് മുമ്പ് മാസത്തിൽ 50 ലക്ഷം വരെ ലഭിച്ചിരുന്ന വിറ്റുവരവുണ്ടായിരുന്ന ഔട്ട്ലറ്റുകളാണ് ഇപ്പോൾ ഗതികേടിലുള്ളത്. ദിവസവേതനക്കാരായ ജോലിക്കാർ യൂണിഫോം പോലും സ്വന്തം ചെലവിൽ തയിച്ചെടുക്കേണ്ട സ്ഥിതിയാണ്. ഒരു സെറ്റിന് ആയിരം രൂപയോളം ഇതിന് ചെലവാകും. ഒരുജോഡി സ്പോൺസർ വ്യവസ്ഥയിൽ ലഭിച്ചിരുന്നു. എത്തുന്ന ഉപഭോക്താക്കളോട് സബ്സിഡി ഇല്ലാത്ത സാമഗ്രികൾ കൂടി വാങ്ങാൻ നിർബന്ധിക്കേണ്ട ഗതികേടിലാണ് തൊഴിലാളികൾ. അത്യാവശ്യമായ സാധനങ്ങൾ ഇല്ലാത്തതിനാൽ സപ്ലൈക്കോയിൽ ആളുകൾ കയറാതായി. സർക്കാരിൽ നിന്ന് മൂവായിരം കോടിയോളം രൂപയാണ് സപ്ലൈകോയ്ക്ക് കിട്ടാനുള്ളത്. കൊവിഡ് കിറ്റിന്റെ ചെലവ് തുക അടക്കം സർക്കാരിൽ നിന്നും കുടിശികയാണ്. ഔട്ട്ലറ്റുകളിൽ അവശ്യസാധനങ്ങൾ എത്താതെ വന്നതോടെ സാധനങ്ങൾ വാങ്ങാൻ കാത്തിരുന്ന സാധാരണക്കാരുടെ ക്രിസ്മ‌സ് പ്രതീക്ഷകളാണ് ഇല്ലാതായത്.

..........................

സാധനങ്ങൾ പലതും ഇല്ലാത്തതുകൊണ്ട് മറ്റു കടകളെ ആശ്രയിക്കേണ്ടി വരുന്നു. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണം.

അനീഷ്

(സ്ഥലവാസി)