 
തിരുവല്ല : തകർച്ചയിലായ റോഡ് മകന്റെ വിവാഹത്തിന് മുന്നോടിയായി സഞ്ചാരയോഗ്യമാക്കിയ പിതാവ് നാടിന് മാതൃകയായി. കോയമ്പത്തൂരിലെ യുവവ്യവസായി നിരണം തോട്ടുമടയിൽ ജഗദീഷ് ശിവനാണ് വർഷങ്ങളായി നാട്ടുകാർ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമുണ്ടാക്കിയത്. കടപ്ര പഞ്ചായത്തിലെ ഒന്നാംകുരിശ് മുതൽ നിരണം പഞ്ചായത്തിലെ മുണ്ടനാരി കുരിശുവരെ മൂന്ന് കിലോമീറ്റർ റോഡ് ഗതാഗതയോഗ്യമാക്കിയാണ് ജഗദീഷ് വ്യത്യസ്തനായത്. തൃശൂർ സ്വദേശിനി അൻസുമായി മകൻ അഭിജിത്തിന്റെ വിവാഹം 22നാണ്. മകന്റെ വിവാഹവുമായി ബന്ധപ്പെട്ട നാട്ടിലെത്തിയപ്പോഴാണ് റോഡിന്റെ ദുരവസ്ഥ ജഗദീഷിന് ബോദ്ധ്യപ്പെട്ടത്. പഞ്ചായത്ത് അധികൃതരെ സഹായസന്നദ്ധത അറിയിച്ചതിനെ തുടർന്ന് റോഡ് സഞ്ചാരയോഗ്യമാക്കാൻ കരാർ നൽകി. കുണ്ടും കുഴിയുമായി കിടന്ന റോഡിൽ നിരവധിപേർ അപകടത്തിൽപ്പെട്ടെന്നും റോഡ് നന്നാക്കാനുള്ള ജഗദീഷിന്റെ സന്മനസിനെ അഭിനന്ദിക്കുന്നതായും നാട്ടുകാരനായ കാഥികൻ നിരണം രാജൻ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് പുത്തൂപ്പള്ളിൽ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ റെജി കണിയാംകണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജഗദീഷ് ശിവൻ, അനിൽ എസ്.ഉഴത്തിൽ, രമേശ് കാക്കനാട്ട്, ജെയിംസ് ചിറയിൽ, കുഞ്ഞുമോൻ ചിറയിൽ എന്നിവർ പങ്കെടുത്തു. എസ്.എൻ.ഡി.പി.യോഗം നിരണം മണ്ണംതോട്ടുവഴി ശാഖാ അംഗവും ഗുരുഭക്തനുമായ ജഗദീഷ്, കൊവിഡ് കാലത്തും പ്രളയത്തിലും ഉൾപ്പെടെ ഒട്ടേറെ സഹായങ്ങൾ മുമ്പും നാടിനുവേണ്ടി ചെയ്തിട്ടുണ്ട്.