തിരുവല്ല : വിദേശ പഠനത്തിന് വിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ടൂർസ് ആൻഡ് ട്രാവൽസ് ഉടമയായ യുവതി അറസ്റ്റിലായി. റാന്നി വെച്ചൂച്ചിറ കോളശേരി വീട്ടിൽ കെ.രാജി (40) യെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ വർഷങ്ങളായി തിരുവല്ലയിൽ ഒലീവിയ ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനം നടത്തിവരികയാണ്. ചുനക്കര സ്വദേശിയായ വിദ്യാർത്ഥിയുടെ പരാതിയിലാണ് അറസ്റ്റ്. വിദ്യാർത്ഥിയിൽ നിന്നും വിദേശത്ത് പഠന വിസ നൽകാമെന്നറിയിച്ച് 10ലക്ഷം രൂപ വാങ്ങുകയും ഒരു വർഷമായിട്ടും വിസയോ പണമോ തിരികെ നൽകാതെ കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. ഇവർക്കെതിരെ റാന്നി, വർക്കല, കഴക്കൂട്ടം എന്നീ സ്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പി എസ്.അഷാദിന്റെ നേതൃത്വത്തിൽ സി.ഐ ബി.കെ.സുനിൽ കൃഷ്ണൻ, എസ്.ഐ മുഹമ്മദ് സാലി, സീനിയർ സി.പി.ഒ എ. നാദിർഷാ, സി.പി.ഒമാരായ മനോജ്, അഭിലാഷ്, പാർവതി കൃഷ്ണൻ എന്നിവർ ചേർന്ന് മഞ്ഞാടിയിലെ വാടകവീട്ടിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.