pappa

തിരുവല്ല : ക്രിസ്മസിന് വിളംബരമായി നഗരത്തിൽ ആദ്യമായി അയ്യായിരത്തിലധികം പാപ്പാമാർ കൂട്ടമായിറങ്ങി വേറിട്ട കാഴ്ച്ചയൊരുക്കി. എം.സി റോഡിൽ ബൈപ്പാസിനു സമീപം ഇരുവളളിപ്ര സെന്റ് തോമസ് ഹൈസ്കൂളിലെ അദ്ധ്യാപകർ നടത്തിയ ക്രിസ്മസ് ഗാനത്തോടെ പരിപാടികൾക്ക് തുടക്കംകുറിച്ചു. ഡോ.ഗീവർഗീസ് മാർ കൂറീലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രെഫ.പി.ജെ.കുര്യൻ സാന്റാ ഹാർമണി ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി എസ്.അഷാദ് സന്ദേശറാലി ഫ്ലാഗ് ഓഫ് ചെയ്തു. തുറന്ന വാഹനങ്ങളിലെ പാപ്പാമാർക്ക് പിന്നിൽ ഇരുചക്ര വാഹനറാലിയും വിളംബര വാഹനവുമെത്തി. പിന്നാലെ വിദ്യാർത്ഥികളുടെ റോളർ സ്കേറ്റിങ്ങും ബാനറും ചെണ്ടമേളവും ബാന്റ് സെറ്റും നൂറുകണക്കിന് പാപ്പാമാരും പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളും നിശ്ചലദൃശ്യങ്ങളുമെല്ലാം നഗരത്തെ ഏറെനേരം കോരിത്തരിപ്പിച്ചു. സന്ദേശറാലിയുടെ ഏറ്റവും പിറകിലായി ജനപ്രതിനിധികളും വിവിധ സംഘടനാ ഭാരവാഹികളും പൊതുസമൂഹവും പ്രത്യേക വേഷവിധാനത്തോടെ അണിനിരന്നു. കരിമരുന്നു കലാപ്രകടനത്തോടെ സമാപിച്ച റാലിക്കുശേഷം അതിരൂപതാധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നല്കി. ഭീമൻ കേക്ക് മുറിച്ച് മധുരംപങ്കിട്ടു. തുടർന്ന് ഡോക്ടർമാരുടെ കരോൾ ഗാനസന്ധ്യ അരങ്ങേറി. പുഷ്പഗിരി, ബിലീവേഴ്സ് മെഡിക്കൽ കോളേജുകൾ, തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി, വിവിധ കോളേജുകൾ, സ്കൂളുകൾ, സന്നദ്ധസംഘടനകൾ, മർച്ചന്റസ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സന്ദേശറാലിയുടെ മുൻനിര സമ്മേളനനഗരിയിൽ എത്തിയിട്ടും പിൻനിര രാമഞ്ചിറയിലായിരുന്നു. വൻജനപങ്കാളിത്തം റാലിയുടെ മാറ്റുകൂട്ടി.