പത്തനംതിട്ട: പി. എം റോഡിൽ കോന്നി മുറിഞ്ഞകല്ലിൽ കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മരിച്ച
മല്ലശേരി പത്തേത്തു തുണ്ടിയിൽ മത്തായി ഈപ്പൻ (61), മകൻ നിഖിൽ (30), മരുമകൾ അനു(26), അനുവിന്റെ പിതാവ് പുത്തൻവിള കിഴക്കേതിൽ ബിജു പി. ജോർജ് (56) എന്നിവരുടെ സംസ്‌കാ രം ഇന്ന് ഉച്ചയ്ക്ക് 12.30ന് നടക്കും..
മത്തായി ഈപ്പന്റെയും നിഖിലിന്റെയും അനുവിന്റെയും മൃതദേഹങ്ങൾ ദേവാലയത്തിലെ ഒരു കുടുംബ കല്ലറയിൽ അടക്കംചെയ്യും. ബിജുവിന്റെ മൃതദേഹം മറ്റൊരു കല്ലറയിലായിരിക്കും സംസ്‌കരിക്കുക. ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഇന്നു രാവിലെ പുറത്തെടുത്ത് വിലാപയാത്രയായി ഇരുവീടുകളിലും എത്തിക്കും. അവിടെ പൊതുദർശനമില്ല.. രാവിലെ എട്ടു മുതൽ പൂങ്കാവ് പള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനം ആരംഭിക്കും. 11ന് പ്രാർഥനയ്ക്കുശേഷം മൃതദേഹങ്ങൾ മൊബൈൽ മോർച്ചറിയിൽ നിന്നു പുറത്തെടുക്കും. 12ന് ദേവാലയത്തിനുള്ളിലെത്തിച്ച് ശുശ്രൂഷകൾ പൂർത്തീകരിക്കും. തുടർന്ന് സെമിത്തേരിയിലെത്തിച്ച് അവസാനഘട്ട പ്രാർത്ഥനകൾ നടത്തി സംസ്‌കരിക്കും.