
ശബരിമല : നിലയ്ക്കൽ - പമ്പ റോഡിലെ അട്ടത്തോടിന് സമീപം മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. നിലയ്ക്കലിൽ നിന്ന് തീർത്ഥാടകരുമായി പമ്പയിലേക്ക് വന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. തീർത്ഥാടകരുമായി പമ്പയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന വാഗണർ കാർ ഇടിച്ചു. ഇതിന് പിന്നാലെ വന്ന ടവേര കാറും വാഗണറിന് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തിൽപ്പെട്ട രണ്ട് കാറുകളുടെയും മുൻവശം പൂർണമായും തകർന്നു. പൊലീസും മോട്ടോർ വാഹന വകുപ്പും എത്തി വാഹനങ്ങൾ അപകടസ്ഥലത്ത് നിന്ന് നീക്കംചെയ്തു.