കോന്നി: ആളുമാറി പൊലീസ് കസ്റ്റഡിയിലെടുത്ത കീഴ്ശാന്തിയെ വിട്ടയച്ചു. കോന്നി മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിലെ കീഴ്ശാന്തി വിഷ്ണുവിനെയാണ് ഇരവിപുരം പൊലീസ് വിട്ടയച്ചത്. രണ്ട് മാസം മുമ്പ് കൊല്ലം ജില്ലയിലെ ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്ഷേത്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ചൊവ്വാഴ്ച ഇരവിപുരം പൊലീസ് കോന്നിയിലെത്തിയത്.കേസിലെ പ്രതിയായ വിഷ്ണുവെന്ന മറ്റൊരു കീഴ്ശാന്തിയുടെ ചിത്രമാണന്ന് ധരിപ്പിച്ച് മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ്ശാന്തി വിഷ്ണുവിന്റെ ചിത്രം കോന്നി പൊലീസിന് കൈമാറിയിരുന്നു. ആരോ ഇരവിപുരം പൊലീസിന് അയച്ചുനൽകിയ ചിത്രമായിരുന്നു ഇത്. മുരിങ്ങമംഗലം ക്ഷേത്രത്തിലെത്തിയ കോന്നി എസ്എച്ച് ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച വൈകിട്ട് ഏഴോടെ വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ഇരവിപുരം പൊലീസിന് കൈമാറി . മോഷണം നടന്ന ക്ഷേത്രത്തിലെ ഭാരവാഹികളെ വിളിച്ചു വരുത്തിയപ്പോഴാണ് ആള് മാറിയ വിവരം പൊലീസിനു മനസിലായത്.