1
പൂവത്തിളപ്പ് - നാരകത്താനി റോഡിൻ പിച്ചാത്തിക്കല്ലിന് സമീപം പൈപ്പ് തകർന്നതിനെ തുടർന്ന് റോഡിലെ ടാറിങ്ങ് വെട്ടിപ്പൊളിച്ച നിലയിൽ.

മല്ലപ്പള്ളി: നിർമ്മാണം നടത്തി ഒരുവർഷം തികയും മുമ്പേ റോഡ് വെട്ടി പൊളിച്ച് വാട്ടർ അതോറിറ്റി. കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയെ പടുതോട് - എഴുമറ്റൂർ ബാസ്റ്റോ റോഡുമായി ബന്ധിപ്പിക്കുന്ന പൂവത്തിളപ്പ് - നാരകത്താനി റോഡിനാണ് ഈ ഗതികേട്. ടി.എം.വി റോഡ് എന്നറിയപ്പെടുന്ന ഈ പാത ബി.എം ആൻഡ് ബിസി നിലവാരത്തിലാണ് നിർമ്മിച്ചത്. ടാറിംഗ് ഇളകിയതും,സംസ്ഥാനപാതയിലേക്ക് വന്നുചേരുന്ന ഭാഗത്തെ കലുങ്കുകെട്ട് ഇടിഞ്ഞതും, സമീപത്ത് ജല അതോറിറ്റിയുടെ പപ്പ് തകർന്ന് റോഡിന് തകർച്ച സംഭവിച്ചതും ആശങ്കകൾക്ക് ഇടയാക്കിയെങ്കിലും ടാർ പൂശി അധികൃതർ മുഖം രക്ഷിച്ചിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുൻപ് പിച്ചാത്തികല്ലിന് സമീപം വീണ്ടും പൈപ്പ് പൊട്ടി ജലം റോഡിലേക്ക് ഒഴുകിയതോടെ തകരാർ കണ്ടെത്തുന്നതിനായി ജല അതോറിറ്റി അധികൃതർ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് റോഡിന്റെ മദ്ധ്യഭാഗവും റോഡ് അരികും വെട്ടി പൊളിച്ചത്. 2021 ഓഗസ്റ്റ് 9 ന് തിരുവല്ല നിയോജക മണ്ഡലത്തിലെ മല്ലപ്പള്ളി, കല്ലൂപ്പാറ, പുറമറ്റം പഞ്ചായത്തുകളിലെ പ്രധാന റോഡുകൾ മെച്ചപ്പെടുത്തുന്നതിനായി റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ റോഡുകൾക്കായി 102.89 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച റോഡുകളിൽ 1.86 കിലോമീറ്റർ മാത്രം ദൂരപരിധി വരുന്ന പുറമറ്റം പഞ്ചായത്തിലെ റോഡാണിത്. ഭാരം കയറ്റിയ നൂറ് കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഈ റോഡിലൂടെ കടന്നു പോകുന്നത്. അധികൃതർ അടിയന്തര ഇടപെടൽ നടത്തി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

പടുതോട് -എഴുമറ്റൂർ ബാസ്റ്റോ റോഡിൽ വീണ്ടും കഴിയെടുപ്പ്

മല്ലപ്പള്ളി : പടുതോട് -എഴുമറ്റൂർ ബാസ്റ്റോ റോഡിൽ ജൽ ജീവൻ പദ്ധതിയുടെ ജലവിതരണ പൈപ്പ് തകരാറിൽ. ഒരു മാസത്തിനുള്ളിൽ ഒരേ സ്ഥലം കുഴിക്കുന്നത് ഇത് മൂന്നാം തവണ. ജലനിധി പൈപ്പ് സ്ഥാപിച്ചതിന് തൊട്ട് പിന്നാലെ കേബിൾ കണക്ഷനായി വീണ്ടും കുഴിയെടുപ്പ് നടത്തിയതിന് മൂന്നാഴ്ച പിന്നിടുന്നതിന് മുൻപ് തകരാറിലായ പൈപ്പിന്റെ അറ്റകുറ്റപ്പണിക്കായി വീണ്ടും ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്തത് വാഹന യാത്രക്കാർക്ക് തിരിച്ചടിയാകുന്നു. ഇതോടെ ശീതക്കുളം മുതൽ വായനശാല കവല വരെയുള്ള ഭാഗത്ത് അപകടങ്ങൾ പതിവാകുന്നതായി പരാതിയുണ്ട്.

.............................

കുഴികൾ എടുത്തശേഷം വേണ്ട വിധം മണ്ണിട്ട് മൂടാത്തതാണ് അപകടത്തിന് കാരണം. അധികൃതർ ഇടപെട്ട് അടിയന്തരമായി പരിഹാരം കാണണം.

(യാത്രക്കാർ)​