forest

കോന്നി : സംസ്ഥാനത്തെ വനം നിയമം ഭേദഗതിചെയ്യുന്നതിനുള്ള ബില്ലിൽ ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ ജനങ്ങൾക്ക് ആശങ്ക. വനം കുറ്റകൃത്യങ്ങൾക്കുള്ള പിഴയടക്കം പത്തിരട്ടിവരെ കൂട്ടാനുള്ള നിയമനിർമാണത്തിനാണ് തുടക്കമിടുന്നത്. ബില്ലിലെ ഭേദഗതി കരിനിയമമാണെന്ന ആക്ഷേപവുമുണ്ട്. വാറന്റ് ഇല്ലാതെയും കേസ് രജിസ്റ്റർ ചെയ്യാതെയും ആരെയും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കസ്റ്റഡിയിലെടുക്കാനുള്ള അനുമതി നൽകുന്നതാണ് പുതിയ നിയമ നിർമാണം. വന്യമൃഗ ആക്രമണങ്ങളുണ്ടായാൽ ജനരോഷവും ശക്തമാകാറുണ്ട്. ഇതിന് തടയിടാനുള്ള നീക്കമായും ബില്ലിലെ ഭേദഗതിയെ മലയോര ജനത കാണുന്നു.

1961ലെ കേരള വനംനിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ല് പൊതുജന അഭിപ്രായം തേടുന്നതിനായി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. അടുത്തമാസം ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ല് നിയമമാക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്. ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി.

ഭേദഗതിചെയ്യുന്ന ബില്ലിൽ വ്യവസ്ഥ ചെയ്യുന്ന കുറ്റകൃത്യങ്ങൾ

1. വനത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്നത്.

2. വനത്തിൽ നിന്ന് മണൽ വാരുക.

3. വനാതിർത്തിയിലെ വേലികൾക്കും കൈയാലകൾക്കും കേടുവരുത്തുക.

4. തോക്കുകളും സ്‌ഫോടകവസ്തുക്കളുമായി വനത്തിൽ പ്രവേശിക്കുക.

5. വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുക, അവയെ ശല്യപ്പെടുത്തുക.

6. വനത്തിലെ പുഴകളിൽ നിന്ന് മീൻപിടിക്കുക.

(കുറ്റങ്ങൾക്ക് ഒന്നുമുതൽ അഞ്ചുവർഷംവരെ തടവും 5000 മുതൽ

25,000 രൂപവരെ പിഴയുമാണ് ബില്ലിൽ നിർദേശിക്കുന്ന ശിക്ഷ).

കേരള ഫോറസ്റ്റ് ആക്ട് 1961

വനത്തിനുള്ളിൽ അതിക്രമിച്ച് കടക്കുക, വനോത്പന്നങ്ങൾ അനധികൃതമായി കൈവശം വയ്ക്കുക, മരങ്ങൾ മുറിക്കുകയോ കേടുവരുത്തുകയോ ചെയ്യുക, വനത്തിൽ കന്നുകാലികളെ മേയ്ക്കുക, ഖനനം നടത്തുക, തീയിടുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് നിലവിൽ വനനിയമ (കേരള ഫോറസ്റ്റ് ആക്ട് 1961) ത്തിന്റെ 27-ാം വകുപ്പിലുള്ളത്. ഇവയ്ക്ക് ഒന്നുമുതൽ അഞ്ചുവർഷംവരെ തടവ് എന്നതിന് മാറ്റമില്ല. അയ്യായിരം മുതൽ 25,000 രൂപവരെ പിഴ ഇവയ്ക്കും ബാധകമാണ്. ഇത്തരം കേസുകളിൽ കോടതി വിധിക്കുന്ന നഷ്ടപരിഹാരവും നൽകേണ്ടതായി വരും.

വനംനിയമം ഭേദഗതി ചെയ്യാനുള്ള ബില്ലിൽ മലയോര മേഖലയിലെ ജനങ്ങൾ ആശങ്കയിലാണ്.
ജോർജ് തോമസ്
(കുടിയേറ്റ കർഷകൻ)

വനം ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച് പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ, നിയമജ്ഞർ തുടങ്ങിയവർക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ നിദേശങ്ങളോ സർക്കാരിനെ അറിയിക്കാനുണ്ടെങ്കിൽ ഡിസംബർ 31നകം വനംവന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വിലാസത്തിലോ ഇമെയിൽ വിലാസത്തിലോ അറിയിക്കാവുന്നതാണ്.

എ.കെ.ശശീന്ദ്രൻ.

വനംവന്യജീവി വകുപ്പുമന്ത്രി