
പ്രമാടം : കോന്നി മുറിഞ്ഞകല്ലിലുണ്ടായ വാഹനാപകടത്തിൽ മരിച്ച നവദമ്പതികൾ ഉൾപ്പെടെയുള്ള പ്രിയപ്പെട്ടവർക്ക് നാട് കണ്ണീരോടെ വിട നൽകി .ബന്ധുക്കളായ നാലു പേരുടെയും മൃതദേഹങ്ങൾ മല്ലശേരി പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ ഇന്നലെ സംസ്കരിച്ചു.
മല്ലശേരി പുത്തേത്തു തുണ്ടിയിൽ മത്തായി ഈപ്പൻ (61), മകൻ നിഖിൽ (30), മരുമകൾ അനു(26), അനുവിന്റെ പിതാവ് പുത്തൻവിള കിഴക്കേതിൽ ബിജു പി. ജോർജ് (56) എന്നിവർക്ക് നൂറുകണക്കിന് ആളുകൾ അദരാഞ്ജലി അർപ്പിച്ചു. കഴിഞ്ഞ 15 ന് പുലർച്ചെയാണ് മലേഷ്യയിൽ ഹണിമൂൺ കഴിഞ്ഞ് മടങ്ങിയ നിഖിൽ ഈപ്പനും ഭാര്യ അനുവും ഇവരെ കൂട്ടിക്കൊണ്ടുവരാൻ പോയ മത്തായി ഈപ്പനും ബിജു.പി. ജോർജും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ശബരിമല തീർത്ഥാടകരുടെ മിനി ബസിൽ ഇടിച്ചത്. മത്തായി ഈപ്പനും ബിജു.പി. ജോർജും നിഖിലും തൽക്ഷണം മരിച്ചു. അനു ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
ഇടത്തിട്ടയിലെ സ്വകാര്യ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ഇന്നലെ പുലർച്ചെ വിലാപയാത്രയായി ഇരുവരുടെയും വീടുകളിൽ എത്തിച്ചതോടെ ബന്ധുക്കളും സുഹൃത്തുക്കളും പൊട്ടിക്കരഞ്ഞു. വിടവാങ്ങൽ പ്രാർത്ഥനയ്ക്ക് ശേഷം കുടുംബാംഗങ്ങൾ അന്ത്യചുംബനം നൽകി.
തുടർന്ന് പൂങ്കാവ് പള്ളി ഓഡിറ്റോറിയത്തിൽ നാല് മൃതദേഹങ്ങളും പൊതുദർശനത്തിനുവച്ചു. ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കരിച്ചു. മത്തായി ഈപ്പന്റെയും നിഖിലിന്റെയും അനുവിന്റെയും മൃതദേഹങ്ങൾ കുടുംബ കല്ലറയിലും ബിജുവിന്റെ മൃതദേഹം മറ്റൊരു കല്ലറയിലുമായാണ് സംസ്‌കരിച്ചത്. സമാപന ശുശ്രൂഷകൾക്ക് പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു.