പ്രമാടം : എട്ട് വർഷം നീണ്ട പ്രണത്തിനൊടുവിലാണ് നിഖിൽ ഈപ്പനും അനു ബിജുവും വിവാഹിതരായത്. കഴിഞ്ഞ നവംബർ 30 നായിരുന്നു ഇവരുടെ വിവാഹം. ഇന്നലെ ഇവരുടെ വിവാഹത്തിന്റെ 20-ാം ദിനമായിരുന്നു. ജീവിതത്തിൽ വേർപിരിയാതിരുന്ന ഇരുവരും മരണത്തിലേക്ക് യാത്രയായതും ഒരുമിച്ചായിരുന്നു. ഒടുവിൽ ഒരേ കല്ലറയിൽ തന്നെ അന്ത്യവിശ്രമത്തിലും ഇവർ ഒന്നിച്ചു. കുടുംബ കല്ലറയിൽ അനുവിന്റെ മൃതദേഹമാണ് ആദ്യം ഇറക്കിയത്. തൊട്ടുമുകളിലായി നിഖിലിന്റെ മൃതദേഹവും. പ്രാർത്ഥനകൾക്ക് ശേഷം ഇതേ കല്ലറയിൽ തന്നെ നിഖിലിന്റെ അച്ഛൻ മത്തായി ഈപ്പന്റെയും മൃതദ്ദേഹം അടക്കം ചെയ്തു. ഇതിന് ശേഷമാണ് സമീപത്ത് തന്നെയുള്ള മറ്റൊരു കല്ലറയിൽ അനുവിന്റെ അച്ഛൻ ബിജു.പി. ജോർജ്ജിനെ അടക്കം ചെയ്തത്. ദേവാലയത്തിലെ ശുശ്രൂഷകൾക്ക് തിരുവല്ല അതിരൂപതാദ്ധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു. ബിഷപ്പുമാരായ യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ആന്റണി മാർ സിൽവാനോസ്, ഡോ.സഖറിയാസ് മാർ അപ്രേ, ജോഷ്വാ മാർ നിക്കോദിമോസ്, ഏബ്രഹാം മാർ സെറാഫിം, ഉമ്മൻ ജോർജ് തുടങ്ങിയവരും പ്രാർഥനകൾക്ക് നേതൃത്വം നൽകി.