കോഴഞ്ചേരി: പാർട്ടി വിപ്പ് ലംഘിച്ച് സി.പി.എം അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചതോടെ തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും അവിശ്വാസത്തിൽ പുറത്തായി.
സി.പി.എം വിമതനായി മത്സരിച്ച് കോൺഗ്രസ്, ബി.ജെ.പി പിന്തുണയോടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ സി.എസ്. ബിനോയി, കോൺഗ്രസ് വിമതയായി ജയിച്ച് പിന്നീട് കോൺഗ്രസ്, ബി.ജെ.പി പിന്തുണയോടെ വൈസ് പ്രസിഡന്റായ ഷെറിൻ റോയി എന്നിവരാണ് അവിശ്വാസത്തിലൂടെ പുറത്തായത്.രണ്ടു ദിവസം മുൻപ് ബിനോയിയും സി.പി.എം നേതൃത്വവുമായി ചർച്ച നടത്തി പ്രസിഡന്റായി തുടരാൻ ധാരണയായിരുന്നു. അവിശ്വാസപ്രമേയ ചർച്ച നടക്കുന്ന യോഗത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു പാർട്ടി അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു. ഇതു ലംഘിച്ച് പാർട്ടിയിലെ അഞ്ച് അംഗങ്ങളിൽ നാലു പേരും അവിശ്വാസത്തെ അനുകൂലിച്ചതോടെ പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്താവുകയായിരുന്നു. ഇതോടൊപ്പം കോൺഗ്രസിലെ മൂന്ന് അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചു. 13 അംഗ പഞ്ചായത്ത് കമ്മിറ്റിയിലെ ഏഴുപേർ അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. മൂന്ന് ബി.ജെ.പി അംഗങ്ങൾ, പ്രസിഡന്റ് ബിനോയി, വൈസ് പ്രസിഡന്റ് ഷെറിൻ റോയി, സി.പി.എമ്മിലെ അജിത ടി. ജോർജ് എന്നിവർ വിട്ടു നിന്നു.
സി.പി.എം തോട്ടപ്പുഴശേരി ലോക്കൽ കമ്മിറ്റി അംഗം ആർ. കൃഷ്ണകുമാർ, നെടുമ്പ്രയാർ ബ്രാഞ്ച് സെക്രട്ടറി റെൻസിൻ കെ. രാജൻ, പാർട്ടി അംഗങ്ങളായ സിസിലി തോമസ്, റീന തോമസ് എന്നിവരാണ് വിപ്പ് ലംഘിച്ച് വോട്ടു ചെയ്തത്. വോട്ടെടുപ്പിൽ വിട്ടു നിന്ന അജിത ടി. ജോർജും സി.പി.എം ലോക്കൽ കമ്മിറ്റിയംഗമാണ്. ഇവർ അവിശ്വാസപ്രമേയ നോട്ടിസിലും ഒപ്പു വച്ചിരുന്നില്ല. വിപ്പ് ലംഘിച്ചവർക്കെതിരെ നടപടിയെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് സി.പി.എം നേതൃത്വം പറഞ്ഞു.