
ചെങ്ങന്നൂർ : ക്രിസ്മസ് ആഘോഷത്തിലെ പ്രധാന താരമാണ് ക്രിസ്മസ് ട്രീ. ക്രിസ്മസിന്റെ ആവിർഭാവത്തിന് വളരെ വർഷങ്ങൾക്കു മുമ്പുതന്നെ പച്ച പുതച്ചു നിൽക്കുന്ന മരങ്ങളും സസ്യങ്ങളും മനുഷ്യരുടെ ജീവിതത്തിൽ പ്രത്യേക സാന്നിദ്ധ്യം ചെലുത്തിയിരുന്നു.ആഘോഷവേളകളിൽ ആളുകൾ ഇന്ന് ബെൻ, സ്ര്‌പുസ്, ഫിർ എന്നിവ ഉപയോഗിച്ച് വീടുകൾ അലങ്കരിക്കുന്നത് പോലെ പുരാതന ജനത അവരുടെ വാതിലുകൾക്കും ജനലുകൾക്കും മുകളിൽ മരത്തിന്റെ ശിഖരങ്ങൾ തൂക്കിയിട്ടിരുന്നു. ഇതുമൂലം രോഗം,ദുരാത്മാക്കൾ എന്നിവ വിട്ടുമാറുമെന്ന് വിശ്വസിച്ചിരുന്നു. ഇന്നു കാണുന്ന ക്രിസ്മസ് ട്രീകളുടെ ചരിത്രം തുടങ്ങുന്നത് പശ്ചിമ ജർമ്മനിയിലെ സ്ട്രാസ്ബാർഗിൽ 1605 ലാണ്. ജർമ്മൻ ജനത പിരമിഡ് ആകൃതിയിലുള്ള മരങ്ങളാണ് ക്രിസ്മസ് കാലത്ത് ഉപയോഗിച്ചിരുന്നത്.
കാലക്രമേണ ഇത് മറ്റു രാജ്യങ്ങളിലേക്കും പടർന്നു.മരങ്ങളോ സ്തൂപങ്ങളോ ആണ് ട്രീ ആയി ഉപയോഗിച്ചിരുന്നത്.ക്രിസ്മസ് ട്രീയിൽ സമ്മാനപ്പൊതികൾ തൂക്കിയിടുന്ന പാരമ്പര്യവും പ്രചാരത്തിലുണ്ട്.
പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലും അമേരിക്കയിലും 19, 20 നൂറ്റാണ്ടുകളിൽ ഇന്ത്യയിലും ക്രിസ്മസ് ട്രീ പ്രചാരത്തിലെത്തി . പ്ലാസ്റ്റിക്കും മറ്റ് കൃത്രിമ വസ്തുക്കൾ കൊണ്ടും ക്രിസ്മസ്ട്രീകൾ ഇന്ന് ലഭ്യമാണ്. വിദേശരാജ്യങ്ങളിൽ ക്രിസ്മസ് ട്രീക്ക് ഫിർമരങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നത്. 2014 ൽ ഹോണ്ടുറാസിൽ 2945 പേർ അണിനിരന്ന് തീർത്തതാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീ. ഇതിന് ഗിന്നസ് റെക്കോർഡും ലഭിച്ചിരുന്നു. 2015 ൽ മലയാളികളാണ് ഈ റെക്കോർഡ് തിരുത്തിയത്. ചെങ്ങന്നൂരിൽ 4030 പേർ ചേർന്ന് ട്രീ നിർമ്മിച്ച് പുത്തൻ റെക്കോർഡിട്ടു. ഇന്നലെ ഇതിന്റെ പത്താമത് വാർഷികം ചെങ്ങന്നൂരിൽ ആഘോഷിച്ചു .