 
ചെങ്ങന്നൂർ: ഗതാഗത നിയമങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിയും ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ് .റോഡപകടങ്ങൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ ഗതാഗത മന്ത്രിയുടെ നിർദ്ദേശ പ്രകാരം മോട്ടോർ വാഹനവകുപ്പും പൊലീസും പരിശോധന കർശനമാക്കി. നിയമലംഘനം നടത്തിയ വാഹനങ്ങൾക്കെതിരെ പിഴ ഈടാക്കി. എം.സി റോഡിൽ മുളക്കുഴ ഭാഗത്ത് കഴിഞ്ഞ ദിവസം മുതൽ മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി പരിശോധന നടത്തി. അശ്രദ്ധമായും നിയമലംഘനം നടത്തിയും വാഹനം ഓടിച്ചു വന്ന ആളുകൾക്ക് ബോധവത്കരണം നൽകി. 243 വാഹനങ്ങൾ പരിശോധിച്ചതിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ 22 വാഹനങ്ങളിൽ ആകെ 155750 രൂപ പിഴ ഈടാക്കി. ചെങ്ങന്നൂർ ജോയിന്റ് ആർ.ടി.ഒ ആർ. പ്രസാദ്, എം. വി.ഐ മാരായ അഭിലാഷ്. എസ്, ദിലീപ്. എം, ചെങ്ങന്നൂർ ട്രാഫിക് പൊലീസ് എസ്.ഐ അബ്ദുൽ സത്താർ, എ.എസ്.ഐ കുമാരി മായദേവി, എസ്. സി. പി. ഒ മാരായ രാജീവ്. എസ്, അനീഷ് മോൻ, സി.പി.ഒമാരായ വിനു വിജയൻ, വിജിത്ത് കുമാർ, എന്നിവരും മോട്ടോർ വാഹന വകുപ്പ് ആലപ്പുഴ എൻഫോഴ്സ്മെന്റ് ടീം അംഗങ്ങളും ചേർന്നാണ് പരിശോധന നടത്തിയത്.