a

ക്രിസ്തുവിനെ ‍‍ഞാൻ എപ്പോഴും അറിയുന്നുണ്ട്. 'ആടുജീവിത"ത്തിന്റെ ഷൂട്ടിംഗ് സമയത്ത് ജോർദാൻ മരുഭൂമിയിലൂടെ യാത്രചെയ്യുമ്പോൾ ആ സാമിപ്യം കൂടുതൽ അടുത്തറിഞ്ഞു. ജറുസലേമിനോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് ജോർദാൻ. പാറക്കെട്ടുകളിലൂടെയും മണലാരണ്യത്തിലൂടെയും ആടുകളുമായി നടക്കുമ്പോൾ ക്രിസ്തുവിന്റെ കാലത്തിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്.

ദൈവം സ്നേഹമാണെന്ന് ആദ്യം സംസാരിച്ചത് ക്രിസ്തുവാണ്. സ‌ർവജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം എന്നാണ് തിരുപ്പിറവിയെക്കുറിച്ചുള്ള വിളംബരം. എല്ലാവർക്കും ഒരുപോലെ ഒരുമിച്ച് അനുഭവിക്കാൻ കഴിയുന്ന പങ്കുവയ്ക്കൽ. അത് ഒരു അനുഭവമേയുള്ളൂ. അത് സ്നേഹമാണ്. അയൽക്കാരനെ, ദരിദ്രനെ, കുഷ്ഠരോഗിയെ, പാപികളെ, കള്ളന്മാരെ.... എല്ലാവരെയും സ്നേഹിക്കാനാണ് ക്രിസ്തു പഠിപ്പിച്ചത്. റോമാ സാമ്രാജ്യത്തിൽ ഒരുകാലത്ത് നിലനിന്നിരുന്ന വലിയ അരാജകത്വത്തിൽ നിന്നും അടിമത്തത്തിൽ നിന്നും സാധാരണ യഹൂദജനം മോചനം ആഗ്രഹിച്ചിരുന്നു. റോമൻ ചക്രവർത്തിമാരുടെ നിഷ്ഠുര പീഡനങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനായി അവർ ഒരു രക്ഷകന്റെ അവതാരം ആഗ്രഹിക്കുകയും അതിനായി പ്രാർത്ഥിക്കുകയും ചെയ്തു.

മോചനത്തിനായുള്ള കാത്തിരിപ്പായിരുന്നു അത്. ആ കാത്തിരിപ്പിന്റെ പരിണാമമായാണ് ക്രിസ്തുവിന്റെ ജനനം വായിക്കപ്പെടുന്നത്. വീരനോ ശക്തനോ ആയ ഒരു രക്ഷകനെ യഹൂദജനങ്ങൾ പ്രതീക്ഷിച്ചിരുന്നപ്പോൾ സംഭവിച്ച വെളിപാടാണ് ക്രിസ്തു. സാധാരണക്കാരിൽ സാധാരണക്കാരായ ഒരു കുടുംബത്തിൽ പിറന്ന കുഞ്ഞിലൂടെ ഉണ്ടാകുന്ന വലിയ അനുഭവമാണത്. രക്ഷകന്റെ അവതാരമായി പിറന്ന ക്രിസ്തുവിലുണ്ടായ ദൈവികതയെ ലോകം മുഴുവൻ അറിയിക്കാൻ പ്രകൃതി നക്ഷത്രങ്ങളെ ഒരുക്കിയതും,​ ഇടയന്മാരെ അതിലേക്ക് ആനയിച്ചതുമായ കഥ നമ്മൾ വായിച്ചിട്ടുണ്ട്. അതിനപ്പുറമാണ് ക്രിസ്തു. ഒരു ദേശത്തുനിന്ന് മറ്റൊരു ദേശത്തേക്ക് പലായനം ചെയ്യേണ്ടിവരുന്ന, സ്വന്തമായി ഒരിടമില്ലാതെ സഞ്ചരിക്കുന്ന,​ സർവ ചരാചരങ്ങളുടെയും ഉടലിനും ആത്മാവിനും ഒരേ വില കല്പിക്കുന്ന ഈശ്വര സങ്കല്പമാണത്. വചനം ജ‌ഡമായി എന്നതു പോലെയാണതെന്ന് കാണാനാകും.

സ്നേഹമെന്ന

സുവിശേഷം

ക്രിസ്തുവിന്റെ സുവിശേഷം അന്നത്തെ ജനങ്ങൾ എത്രമേൽ മനസിലാക്കിയെന്ന് നമ്മളറിയണം. സാധാരണക്കാരിൽ സാധാരണക്കാരനായ ഒരാളിലൂടെ, ഒരു ദരിദ്രനിലൂടെ വിമോചനമോ വിപ്ളവമോ സൃഷ്ടിക്കപ്പെടുമെന്ന് ഇന്ന് ചിന്തിക്കാൻ പോലുമാകില്ല. ലോകത്തിന് ക്രിസ്തു നൽകിയത് വലിയ സന്ദേശങ്ങളാണ്. ക്രിസ്തുവിന്റെ അദ്ഭുത പ്രവൃത്തികളേക്കാൾ എന്നെ ആകർഷിച്ചത് അദ്ദേഹം സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നതാണ്. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കാൻ പറയുന്നതിലെ വലിയ മനസ്,​ കുരിശിൽക്കിടക്കുമ്പോൾ തന്നോടൊപ്പം മരണം വരിക്കുന്ന കള്ളനോടുള്ള കാഴ്ചപ്പാട്,​ പാപികളോടും വേശ്യകളോടുമുള്ള സമീപനം,​ രോഗികളെയും വിധവകളെയും കുഷ്ഠരോഗികളെയും ചേർത്തുനിറുത്തൽ.... ഇത്തരം പ്രവൃത്തികളിലെ അനുഭവമാണ് ക്രിസ്തുസന്ദേശം.

ആഗോളതലത്തിൽ വിന്യസിക്കാൻ കഴിയുന്ന സ്നേഹമെന്ന വികാരത്തിന്റെ കാന്തിക വലയത്തെക്കുറിച്ചാണ് അദ്ദേഹം നിരന്തരം സംസാരിച്ചതും പ്രവർത്തിച്ചതും. ഭൂമിയുടെ ചരിത്രം പരിശോധിച്ചാൽ സ്നേഹത്തെക്കുറിച്ച് ഇത്രയധികം വ്യാപ്തിയോടെ ആദ്യം സംസാരിച്ചത് ക്രിസ്തുവാണെന്ന് കാണാം. ദൈവം പലർക്കും പലതാണ്. വലിയ ശക്തിയാണ്. പരാശക്തിയാണ്. അദ്ഭുതങ്ങൾ പ്രവർത്തിക്കുന്ന വലിയ ബിംബങ്ങളാണ്. ഭൂമിയുടെ ഉടയോനാണ്. സംഹാരമൂർത്തിയാണ്. പക്ഷേ ദൈവം സ്നേഹമാണെന്ന് പറയുകയാണ് ക്രിസ്തു. സ്നേഹത്തിന് രൂപത്തിന്റെ ആവശ്യമില്ല. ഒരാൾക്ക് മറ്റൊരാളിൽ നിന്ന് അനുഭവിക്കാൻ കഴിയുന്നതാണ് സ്നേഹം. സ്നേഹത്തെക്കുറിച്ച് വിശാലമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിഞ്ഞ ഒരു ഇടയബാലൻ എന്ന നിലയിലാണ് ഞാൻ ക്രിസ്തുവിനെ കാണുന്നത്. ക്രിസ്തുവിനു മുമ്പല്ല, അതിനു ശേഷമാണ് സ്നേഹത്തെക്കുറിച്ച് നാം കൂടുതൽ വായിക്കുന്നത്.

മൗനത്തിന്റെ

ആകാശം

ക്രിസ്തുവിനു മുമ്പ് എല്ലാ രാജാക്കന്മാരും അക്രമാസക്തരായിരുന്നു. കായിക ബലമുള്ളവരെയാണ് അന്ന് രാജാവായി കരുതിയിരുന്നത്. ദാവീദ് പോലും ഗോല്യാത്തിനെ എറിഞ്ഞുവീഴ്ത്തിയ യോദ്ധാവാണ്. അതിൽ നിന്ന് വ്യത്യസ്തമായി സ്വയം കീഴ്പ്പെടുന്ന, സ്വയം യാതന അനുഭവിക്കുന്ന, 'നീ രാജാവാണോ" എന്നു ചോദിക്കുമ്പോൾ മൗനംപാലിക്കുന്ന വേറിട്ട ചിത്രമാണ് ക്രിസ്തുവിന്റേത്. തന്നെ ചോദ്യം ചെയ്യുന്ന വിധികർത്താക്കളോട് ന്യായീകരണങ്ങൾ പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കാതെ,​ 'നിങ്ങൾ തരുന്ന ശിക്ഷയാണ് രക്ഷ" എന്നുപറയുന്ന മൗനത്തിന്റെ വലിയ തലങ്ങൾ മനുഷ്യർക്ക് അദ്ദേഹം കാട്ടിക്കൊടുത്തു.

ദൈവത്തെക്കുറിച്ചുള്ള വലിയ ഒരാശയം അദ്ദേഹം നൽകി. ദൈവിക കഥകളിൽപ്പോലും ചതിയുടെയും നിഗ്രഹങ്ങളുടെയും ചരിത്രമുണ്ടായിരുന്ന കാലത്താണ് അദ്ദേഹം സ്നേഹത്തെക്കുറിച്ചു മാത്രം സംസാരിച്ചത്. ക്രിസ്തുവിലൂടെ അറിയുന്നത് പ്രതികാരത്തിന്റെയോ ദുർബുദ്ധിയുടെയോ കൂർമ്മബുദ്ധിയുടെയോ അടയാളങ്ങളല്ല; തന്നെപ്പോലെ മറ്റുള്ളവരെയും സ്നേഹിക്കുക എന്ന വലിയ സന്ദേശമാണ്. രാജ്യം രാജ്യത്തോടും വംശം വംശത്തോടും മതങ്ങൾ മതങ്ങളോടും കലഹിച്ചുകൊണ്ടിരിക്കുന്ന കാലത്ത് പരസ്പരം സ്നേഹിക്കാനുള്ള ദൂതായി ക്രിസ്തുവിനെ കാണണം.