d

ശബരിമല: മണ്ഡല തീർത്ഥാടനത്തിന് സമാപനംകുറിച്ച് 26ന് മണ്ഡലപൂജ നടക്കും. പൂജാവേളയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് നാളെ രാവിലെ ഏഴിന് ആരംഭിക്കും. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി 25ന് ഉച്ചയ്ക്ക് 1.30ന് പമ്പയിലെത്തും. അവിടെവച്ച് പ്രത്യേക പേടകത്തിലാക്കുന്ന തങ്കഅങ്കി ഗുരുസ്വാമിമാർ തലയിലേന്തി സന്നിധാനത്തെത്തിക്കും. ശരംകുത്തിയിൽ എത്തുന്ന ഘോഷയാത്രയെ ദേവസ്വം, പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിക്കും. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും ശരണംവിളിയുടെയും അകമ്പടിയോടെ സന്നിധാനത്തേക്ക് ആനയിക്കും.വൈകിട്ട് 6.30ന് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന. 26ന് ഉച്ചയ്ക്കാണ് മണ്ഡലപൂജ .

തിരുവിതാംകൂർ രാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ 1973ൽ സമർപ്പിച്ചതാണ് 420 പവൻ തൂക്കമുള്ള തങ്കഅങ്കി. ഘോഷയാത്രയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ സന്നിധാനത്ത് ആരംഭിച്ചു. 25ന് ഉച്ചയ്ക്കുശേഷം സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടുന്നതിന് നിയന്ത്രണമുണ്ടാകും. 26ന് രാത്രി 11ന് നട അടയ്ക്കുന്നതോടെ മണ്ഡല ഉത്സവത്തിന് പരിസമാപ്തിയാകും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് 5ന് നട തുറക്കും.