25ന് വലിയ പടയണി
...................
മല്ലപ്പള്ളി : മദ്ധ്യ തിരുവിതാംകൂറിലെ ഈ ഉത്സവകാലത്തെ ആദ്യപടയണിക്ക് തെള്ളിയൂർക്കാവ് പാട്ടമ്പലത്തിൽ ചൂട്ടുവച്ചു.രാത്രി കളമെഴുതിപാട്ടിനുശേഷം പച്ചത്തപ്പിൽ ദീപ കൊട്ടിയാണ് ചടങ്ങ് ആരംഭിച്ചത്. തളകല്ലിലെ നിലവിളക്കിൽ നിന്ന് ചൂട്ടുകറ്റയിലേക്ക് ദീപം പകർന്നതോടെ ആർപ്പോ, ഇയ്യോ വിളികൾ ഉയർന്നു.ക്ഷേത്രത്തിനു പടയണി കലാകാരൻമാരും ഭക്തരും ചേർന്ന് ചൂട്ടു കറ്റയുമായി വലം വച്ചു. പിന്നീട് നാട്ടുകാരും വീട്ടുകാരും മുറിക്കാരും വന്നിട്ടുണ്ടോ ചൂട്ടു വയ്ക്കട്ടെയെന്ന് മൂന്നുവട്ടം അനുവാദം ചോദിച്ചു. പാരമ്പര്യ അവകാശികളുടെ പ്രതിനിധി അശോക് ആർ.കുറുപ്പ് ആണ് ചൂട്ടു വച്ചത്. പിന്നീട് പുലനൃത്തം, ഗണപതി, പിശാച് കോലങ്ങൾ എന്നിവ അരങ്ങേറി. ശനിയാഴ്ച ഗണപതി,പക്ഷി, യക്ഷി, മാടൻ, മറുത,എന്നീ പഞ്ച കോലങ്ങളാണ് പ്രധാനം. 22ന് തെള്ളിയൂർക്കാവ് പടയണിയിലെ വേറിട്ടയിനമായ ചൂരൽ അടവി നടക്കും. വൈകിട്ട് 4ന് പകലടവി. രാത്രി 12ന് വച്ചൊരുക്ക്. പിന്നീട് ചൂരൽ അടവിക്കായി കളം നിറയും. 23,24 തീയതികളിൽ രാത്രി വഴിപാട് കോലങ്ങൾ കാപ്പൊലിക്കും. 25ന് വല്യ പടയണി. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം കാവിലമ്മയേയും കാലേക്ഷിയമ്മയേയും ഇരു ജീവിതകളിൽ കളത്തിലേക്ക് എഴുന്നെള്ളിക്കും. തുടർന്ന് പുലർച്ചെ വരെ എല്ലാ കോലങ്ങളും കളത്തിൽ ആടും. പുലർച്ചെ മംഗളകോലം ആടുന്നതോടെ പടയണി കളത്തിലെ ചൂട്ടണയും.പിന്നീട് ഇരു ജീവിതകളും ക്ഷേത്രത്തിലേക്ക് തിരികെ എഴുന്നെള്ളിക്കും.വൈകിട്ട് 41-ാം കളമെഴുതിപ്പാട്ട് നടത്തി പാട്ടമ്പലനട അടയ്ക്കുന്നതോടെ ഈ വർഷത്തെ പടയണി ഉത്സവം സമാപിക്കും.
................................
പടയണിയിൽ അവതരിപ്പിക്കുന്ന പ്രധാന കോലങ്ങളാണ്, ഗണപതിക്കോലം, കുതിര, ഭൈരവിക്കോലം, സുന്ദരയക്ഷിക്കോലം, അരകി യക്ഷി, മറുത്ത, പക്ഷി, കാലമാടൻ, കാലൻകോലം എന്നിവ. തെള്ളിയൂർ വൃശ്ചിക വാണിഭം ഇവിടുത്തെ പ്രത്യേകതയാണ്. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത സ്രാവു വ്യാപാരം ഇവിടത്തെ പ്രത്യേകതയാണ്.