ചെങ്ങന്നൂർ: 92-മത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ സമ്മേളനങ്ങളിൽ ഇന്നു നടക്കുന്ന 'ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃ സംഗമത്തിൽ' പാറയ്ക്കൽ ശ്രീനാരായണ ധർമ്മ സേവാ സംഘം ട്രസ്റ്റിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് കെ.എൻ.ഭദ്രന്റെ നേതൃത്വത്തിൽ 50അംഗ സംഘം പങ്കെടുക്കും. ശിവഗിരിയിൽ നടക്കുന്ന സമ്മേളനത്തിൽ പാറക്കൽ ശ്രീനാരായണ ധർമ്മ സേവാ സംഘം ട്രസ്റ്റിന് ഇത് ആദ്യമായാണ് പങ്കാളിത്തം ലഭിക്കുന്നത്. ഇന്ന് രാവിലെ 10ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി നേതൃസംഗമം ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദസ്വാമികൾ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി അരയക്കണ്ടി സന്തോഷ്, എസ്.എൻ ട്രസ്റ്റ് ട്രഷറാർ ഡോ.ജി.ജയദേവൻ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും. ശ്രീനാരായണ ഓർഗനൈസേഷൻസ് പ്രസിഡന്റ് കെ.കെ.ശശിധരൻ മുഖ്യ പ്രഭാഷണം നടത്തും. പാറക്കൽ നിന്നും ശ്രീനാരായണ ധർമ്മസേവാ സംഘം ട്രസ്റ്റിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് കെ.എൻ.ഭദ്രൻ പ്രഭാഷണം നടത്തും.