road-
ചെത്തോങ്കര അത്തിക്കയം റോഡിൽ പാലം ജംഗ്ഷനിലെ റോഡിൻറെ വശത്തെ അപകട ഭീഷണി ഉയർത്തുന്ന കട്ടിംഗ്

റാന്നി : ചെത്തോങ്കര - അത്തിക്കയം റോഡിൽ പാലം ജംഗ്ഷനിലെ റോഡിന്റെ വശത്തെ കട്ടിംഗ് അപകട ഭീഷണി ഉയർത്തുന്നതായി പരാതി. കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കുമാണ് പ്രധാനമായും ഭീഷണി. ശബരിമല തീർത്ഥാടന കാലമായതിനാൽ റോഡിലൂടെ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്. ബസുകളിലും മറ്റും ടൗണിൽ എത്തി ബാങ്ക്, വില്ലേജ് ഓഫീസ് മുതലായ സ്ഥാപനങ്ങളിലേക്ക് ആളുകൾ നടന്നു നീങ്ങുന്ന നടപ്പാതയായിട്ടും പൊതുമരാമത്ത് അധികൃതർ വശം കോൺക്രീറ്റ് ചെയ്യാതെ അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ഓടയില്ലാത്തതു മൂലം വെള്ളം കുത്തിയൊലിച്ചു റോഡിന്റെ വശങ്ങളിലൂടെയാണ് പോകുന്നത്. അതു കൊണ്ടുതന്നെ ആളുകൾ റോഡിലേക്ക് ഇറങ്ങി നടക്കേണ്ടി വരുന്നു. ഇതു അപകടങ്ങൾ വിളിച്ചു വരുത്തിയേക്കാം. ചെത്തോങ്കര - അത്തിക്കയം പാതയുടെ വീതി വർദ്ധിപ്പിക്കുന്ന ജോലികൾ നടന്നിട്ടും ടൗണിനോട് ചേർന്ന അപകട ഭീഷണി ഉയർത്തുന്ന ഭാഗം ഒഴിവാക്കിയത് അധികൃതരുടെ അനാസ്ഥയാന്നെന്നാണ് നാട്ടുകാർ ഉന്നയിക്കുന്നത്. അടിയന്തരമായി റോഡ് കോൺക്രീറ്റ് ചെയ്‌തോ ഇന്റർലോക്ക് പാകിയോ പാതയിലെ അപകട ഭീഷണികൾ ഒഴിവാക്കണ ആവശ്യം ശക്തമാണ്.

..............................

സ്വകാര്യ വ്യക്തികളുടെ റോഡിനോട് ചേർന്നുള്ള പറമ്പിന്റെ സംരക്ഷണ ഭിത്തിവരെ പൊതുമരാമത്ത് ചെലവിൽ കെട്ടിക്കൊടുത്തിട്ടും യാത്രക്കാർക്കും പൊതു ജനങ്ങൾക്കും ഭീഷണിയായ ഇത്തരം സ്ഥലത്തെ പ്രവർത്തികൾ മാത്രം ബന്ധപ്പെട്ടവർ മറന്നുപോകുന്നത് ന്യായീകരിക്കാവുന്നതല്ല.

മുരളി

(പൊതു പ്രവർത്തകൻ)

..............................

1 . കാൽനടയാത്രികർക്കും ഇരുചക്രവാഹന യാത്രികരും ഭീതിയിൽ

2. ഇരുദിശയിൽ നിന്നും വാഹനങ്ങൾ വന്നാൽ അപകടത്തിൽപ്പെടാൻ സാദ്ധ്യത ഏറെ