ചിറ്റാർ: ചതുരക്കള്ളിപ്പാറയിൽ പട്ടികജാതി വികസന കോർപ്പറേഷൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുടിവെള്ളപദ്ധതി അവഗണനയിൽ. പദ്ധതികൊണ്ട് ജനങ്ങൾക്ക് പ്രയോജനമില്ലാതായിട്ട് മാസങ്ങളായി. .ഒരുലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് നിർമ്മിച്ചിട്ടും പദ്ധതി ആരംഭിക്കാൻ വൈകുകയാണ്. ഗാർഹികകണക്ഷൻ നൽകുന്നതിനുവേണ്ടി ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം മാസങ്ങൾക്കു മുമ്പേ വാങ്ങിയിരുന്നു. കണക്ഷൻ നൽകാനുള്ള രേഖകൾ ജനങ്ങളിൽ നിന്ന് വാങ്ങിയെങ്കിലും തുടർ നടപടി ഉണ്ടായില്ല. നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ പദ്ധതി തുടങ്ങുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്.
ജലവിതരണം നടത്തേണ്ട പൈപ്പിന്റെ ഗുണനിലവാരം പരിശോധിക്കേണ്ട ഉദ്യോഗസ്‌ഥൻ അവധിയിലാണെന്നാണ് ജലജീവൻ അധികൃതർ പറയുന്നത്. 98 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. പദ്ധതി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജലവിഭവവകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്ന് എ.ഐ.വൈ.എഫ് ചിറ്റാർ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.എത്രയും പെട്ടെന്ന് പട്ടികജാതി കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കണമെന്നാണ് എ.ഐ.വൈ.എഫിന്റെ ആവശ്യം. കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പ്രധാനപ്പെട്ട മേഖലയാണ് ചതുരക്കള്ളിപ്പാറ. അതിനാൽ എത്രയും പെട്ടെന്ന്കുടിവെള്ള പദ്ധതി തുടങ്ങാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസിയായ നിജോ വാലേൽ അറിയിച്ചു.