mala

ആറന്മുള : മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയുമായി ആറന്മുള പാർത്ഥസാരഥി ക്ഷേത്ര സന്നിധിയിൽ നിന്ന് ഇന്ന് രഥഘോഷയാത്ര ആരംഭിക്കും. ദേവസ്വം ബോർഡിന്റെ സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന തങ്കഅങ്കി പുലർച്ചെ 5ന് ആറന്മുള ക്ഷേത്രത്തിന്റെ കിഴക്കെ മണ്ഡപത്തിൽ ദർശനത്തിനായി തുറന്നുവയ്ക്കും. രാവിലെ 6.30ന് ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും. തുടർന്ന് പ്രത്യേകം അലങ്കരിച്ച രഥത്തിലേക്ക് മാറ്റുന്ന തങ്കഅങ്കി 7ന് ആഘോഷ പൂർവ്വം യാത്ര പുറപ്പെടും. 420 പവൻ തൂക്കംവരുന്ന തങ്ക അങ്കി ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവാണ് ശബരീശ സന്നിധിയിൽ നടയ്ക്കുവച്ചത്. സായുധ പൊലീസ് സംഘവും ഫയർഫോഴ്‌സ് സംഘവും ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും. ആറന്മുള ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്ന് യാത്ര തിരിക്കുന്ന തങ്കഅങ്കി രഥം മൂർത്തിട്ട ഗണപതിക്ഷേത്രത്തിൽ 7.15ന് എത്തിച്ചേരും തുടർന്ന് വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി രാത്രി 8ന് ഓമല്ലൂരിൽ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ എത്തും. നാളെ രാവിലെ 8ന് ഓമല്ലൂർ ശ്രീ രക്തകണ്ഠ സ്വാമിക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര രാത്രി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ എത്തി വിശ്രമിക്കും. 24ന് ഘോഷയാത്ര പെരുനാട് ശാസ്താ ക്ഷേത്രത്തിലെത്തും. 25ന് രാവിലെ 8ന് പുറപ്പെട്ട് ളാഹ സത്രം, പ്ലാപ്പള്ളി, നിലയ്ക്കൽ ക്ഷേത്രം, ചാലക്കയം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഉച്ചക്ക് 1.30ന് പമ്പയിൽ എത്തിച്ചേരും. വൈകിട്ട് 3ന് തിരുവാഭരണം പ്രത്യേക പേടകത്തിൽ അടക്കം ചെയ്തശേഷം ഗുരുസ്വാമിമാർ തലയിലേന്തി നീലിമലവഴി സന്നിധാനത്തേക്ക് കൊണ്ടുപോകും. വൈകിട്ട് 5ന് ശരംകുത്തിയിൽ എത്തുന്ന ഘോഷയാത്രയെ ആചാരപൂർവം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ തങ്കഅങ്കി ചാർത്തി 6.30ന് ദീപാരാധന നടക്കും. 26ന് ഉച്ചയ്ക്കാണ് തങ്കഅങ്കി ചാർത്തിയുള്ള മണ്ഡല പൂജ. അന്നേദിവസം രാത്രി 11ന് ഹരിവരാസനം പാടി നടയടയ്ക്കുന്നതോടെ 41ദിവസം നീണ്ടുനിന്ന മണ്ഡലകാല തീർത്ഥാടനത്തിന് പരിസമാപ്തി കുറിക്കും. തുടർന്ന് മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് 5ന് വീണ്ടും ശബരിമലനട തുറക്കും.

പുറപ്പെടുന്നത് ആറന്മുള ക്ഷേത്രത്തിൽ നിന്ന്,

തങ്കഅങ്കി ചാർത്തിയുള്ള മണ്ഡല പൂജ 26ന് ഉച്ചയ്ക്ക്