
സെന്റ് നിക്കോളാസ്... ക്രിസ്മസിന് കൈനിറയെ സമ്മാനങ്ങളുമായി എത്തുന്ന കുട്ടികളുടെ പ്രിയപ്പെട്ട സാന്താക്ളോസ്. മാനുകൾ വലിക്കുന്ന മഞ്ഞുവണ്ടിയിൽ മഞ്ഞോളം വെളുത്ത താടിയുമായി, ചുവന്ന കോട്ടും തൊപ്പിയും ധരിച്ച് സമ്മാനങ്ങളുടെ ഭാണ്ഡവുമായി എത്തുന്ന ക്രിസ്മസ് പപ്പാ.
നൂറ്റാണ്ടുകൾക്ക് മുൻപ് തുർക്കിയിലെ തുറമുഖമായ പത്താറയിലെ ലിസിയയിലാണ് സെന്റ് നിക്കോളാസിന്റെ ജനനം. പാവപ്പെട്ടവർക്ക് വേണ്ടി ജീവിതം മാറ്റിവച്ച വ്യക്തിത്വമായിരുന്നു നിക്കോളാസിന്റേത്. കൈനിറയെ സമ്മാനങ്ങളുമായി എത്തുന്ന പ്രിയപ്പെട്ട സാന്താക്ലോസായി കാലം അദ്ദേഹത്തെ മാറ്റി. അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത് പാപിയായ നിക്കോളാസ് എന്നായിരുന്നു.
ക്രിസ്മസ് ദിനത്തിൽ അർദ്ധരാത്രിയോട് അടുത്ത സമയത്തും നിക്കോളാസ് ദിനത്തിലും ഇദ്ദേഹം കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുവാൻ എത്തും എന്നാണ് വിശ്വാസം.
19-ാംനൂറ്റാണ്ട് മുതൽ കാനഡായിലാണ് ഇന്ന് കാണുന്ന വെള്ളത്താടിയും ചുവപ്പും വെള്ളയും വസ്ത്രങ്ങളുമണിഞ്ഞ സാന്താക്ലോസ് വീടുകളിലെത്തി ആശംസയും സമ്മാനവും നൽകാൻ തുടങ്ങിയതെന്ന് കരുതപ്പെടുന്നു.
ആധുനിക സാന്താക്ലോസ് ചുവന്ന കോട്ടും വെളുത്ത കോളറും കഫും ചുവന്ന ട്രൗസറും കറുത്ത തുകൽ ബൽറ്റും ബൂട്ടും ധരിച്ച തടിച്ച വെളുത്ത താടിയുള്ള സന്തോഷവാനാണ്.
1930ൽ കൊക്കക്കോള കമ്പനിയുടെ പരസ്യത്തിൽ സാന്താക്ലോസിന്റെ ചിത്രം ഉപയോഗിച്ചതോടെയാണ് ഇന്ന് കാണുന്ന ക്രിസ്മസ് പാപ്പാ ഹൃദയങ്ങളിൽ ഇടംപിടിച്ചത്.