jeep-

കോന്നി: "തണ്ണിത്തോട്, തേക്കുതോട്, കരുമാൻതോട് ...ആളുകയറാനുണ്ടോ ?" ജീപ്പ് ഡ്രൈവർമാരുടെ ഈ വിളി മുഴങ്ങിയ ഒരുകാലമുണ്ടായിരുന്നു കോന്നിയിൽ. ഒരുകാലത്ത് കോന്നിയിലെ മലയോരമേഖലയിലെ നാട്ടുകാരുടെ യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിച്ചിരുന്നത് ജീപ്പുകളായിരുന്നു. കോന്നി- തണ്ണിത്തോട്-തേക്കുതോട് റോഡിലെ വനപാതയിൽ മുഴുവൻ കല്ലുകളായിരുന്നു അക്കാലത്ത്. ഓരോ കല്ലിന്റെയും മുകളിൽ കയറിയിറങ്ങിയാണ് അന്ന് ജീപ്പുകൾ പോയിരുന്നത്. പുതിയ ജീപ്പുകൾ വാങ്ങിയാൽ ഈ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ അധികം താമസിക്കാതെ അറ്റകുറ്റപ്പണികൾ നടത്തേണ്ടിവരുമായിരുന്നു. 1996ന് ശേഷം പ്രദേശത്തെ റോഡുകൾ വികസിച്ചതോടെ കോന്നിയിലെ ജീപ്പ് ‌സർവീസ് മെല്ലെ ഇല്ലാതായിത്തുടങ്ങി. നിരവധി ജീപ്പുകളാണ് അക്കാലത്ത് കോന്നിയിൽ നിന്ന് മലയോര മേഖലയിലകളിലേക്ക് സർവീസ് നടത്തിയിരുന്നത്. എല്ലാ ജീപ്പുകളിലും ഡ്രൈവർക്ക് പുറമേ ഒരു ക്ലീനറും ഉണ്ടായിരുന്നു.

കുടിയേറ്റ കർഷകരുടെ നാടാണ് മലയോരമേഖല. അക്കാലത്ത് കോന്നിയിലേക്ക് വരുമ്പോൾ ചന്തയിൽ വിറ്റഴിക്കാനുള്ള വാഴക്കുലകൾ അടക്കമുള്ള കാർഷിക വിളകൾ ജീപ്പിനു മുകളിൽ കെട്ടിവച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. കോന്നി പോസ്റ്റ് ഓഫീസ് റോഡിൽ തണ്ണിത്തോട്, തേക്കുതോട്, കുമ്മണ്ണൂർ, അഞ്ഞിലികുന്ന് ഭാഗത്തേക്കുള്ള ട്രിപ്പ് ജീപ്പുകളും നാരായണപുരം ചന്തയ്ക്ക് സമീപം കല്ലേലി, കൊക്കാത്തോട് ഭാഗങ്ങളിലേക്കുള്ള ട്രിപ്പ് ജീപ്പുകളും നിരയായി ഇടം പിടിച്ച് .യാത്രക്കാരെ കാത്തുകിടന്ന കാലമുണ്ടായിരുന്നു. റോഡുകൾ വികസിച്ച് മറ്റ് ഗതാഗത സൗകര്യങ്ങളായതോടെ ജീപ്പ് യാത്ര വിസ്മൃതിയിലാവുകയായിരുന്നു.

ആറ്റിലൂടെയും ജീപ്പ് യാത്ര

അച്ചൻകോവിലാറിന് കുറുകെ കല്ലേലിയിൽ പാലം വരുന്നതിനു മുമ്പ് നദിയിലൂടെ ഇറങ്ങിയായിരുന്നു കൊക്കാത്തോട്ടിലേക്കുള്ള ജീപ്പുകളുടെ യാത്ര. മഴക്കാലത്ത് ആറ്റിൽ വെള്ളം ഉയർന്നാൽ കുമ്മണ്ണൂർ വഴിയുള്ള വനപാതയിലെ തോടുകൾ കയറിയിറങ്ങിയായിരുന്നു ജീപ്പുകൾ കൊക്കാത്തോട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്നത്. ജീപ്പ് യാത്രയ്ക്ക് മൂന്ന് രൂപ മുതലായിരുന്നു അന്ന് കൂലി.

------------------

പുതിയ ഗതാഗത സൗകര്യങ്ങൾ വന്നതോടെ ജീപ്പുകൾ പഴയ ഉടമകൾ വിറ്റു. ചുരുക്കം ചിലർ മാത്രം ഇന്നും സൂക്ഷിക്കുന്നു.

സദാശിവൻ നായർ ( കോന്നിയിലെ പഴയ ജീപ്പ് ഡ്രൈവർ )