p

ആറന്മുള: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയുമായുള്ള രഥഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടു. 25ന് ശബരിമലയിലെത്തും. ദേവസ്വം സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന തങ്കഅങ്കി ഇന്നലെ പുലർച്ചെ 5ന് പുറത്തെടുത്ത് പാർത്ഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേ മണ്ഡപത്തിൽ ദർശനത്തിന് വച്ചു. 7ന് രഥത്തിലേക്ക് മാറ്റി. തുടർന്ന് അയ്യപ്പഭക്തരുടെ അകമ്പടിയോടെ ഘോഷയാത്ര പുറപ്പെട്ടു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്,അംഗങ്ങളായ അഡ്വ.എ.അജികുമാർ,ജി.സുന്ദരേശൻ,ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ്കുമാർ,ദേവസ്വം കമ്മിഷണർ സി.വി. പ്രകാശ്,മുൻ എം.എൽ.എ. മാലേത്ത് സരളാദേവി,അയ്യപ്പസേവാ സംഘം ദേശീയ ജനറൽ സെക്രട്ടറി ഡി.വിജയകുമാർ,ശബരിമല ആചാര സംരക്ഷണ സമിതി കൺവീനർ ജി.പൃഥ്വിപാൽ,മുൻ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ,ദേവസ്വം ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വിവിധ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഘോഷയാത്ര 25ന് ഉച്ചയ്ക്ക് 1.30ന് പമ്പയിലെത്തും.

പമ്പാ ഗണപതി കോവിലിൽ തങ്കഅങ്കി ദർശനത്തിന് വയ്ക്കും. വൈകിട്ട് 3ന് പേടകത്തിലേക്ക് മാറ്രുന്ന തങ്കഅങ്കി തിരുവാഭരണ വാഹക സംഘത്തിലെ ഗുരുസ്വാമിമാർ തലയിലേന്തി സന്നിധാനത്തേക്ക് യാത്രതിരിക്കും. 5.30ന് ശരംകുത്തിയിൽ എത്തും. ഇവിടെനിന്ന് ദേവസ്വം ബോർഡ് സ്വീകരിച്ച് കൊടിമരച്ചുവട്ടിൽ എത്തിക്കും. ദേവസ്വം പ്രസിഡന്റും അംഗങ്ങളും ചേർന്ന് സ്വീകരിച്ച് 6.15ന് ശ്രീകോവിലിൽ എത്തിക്കും. തന്ത്രി കണ്ഠരര് രാജീവര്,കണ്ഠര് ബ്രഹ്മദത്തൻ,മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് സ്വീകരിച്ച് ശ്രീലകത്തേക്ക് കൊണ്ടുപോകും. 6.30ന് അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി മഹാദീപാരാധന. 26ന് ഉച്ചയ്ക്കാണ് മണ്ഡലപൂജ. മണ്ഡലകാല പൂജകൾ പൂർത്തിയാക്കി രാത്രി 11ന് നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് 5ന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.