 
അടൂർ : അന്ധകാരത്തിലാണ്ട ജനതയെ സാമൂഹികവും മാനവികവുമായ പരിവർത്തനത്തിലൂടെ ഉയർത്തി ഇന്നുകാണുന്ന ആധുനിക കേരളം സൃഷ്ടിച്ചത് ശ്രീനാരായണ ഗുരുദേവനാണെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്റെ നേതൃത്വത്തിൽ നടന്ന ശ്രീനാരായണ കൺവെൻഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മിയതയേയും ഭൗതികതേയും സമ്മേളിപ്പിച്ച രൂപാന്തരത്തിന്റെ, വൈജ്ഞാനികതയുടെ, വിപ്ലവത്തിന്റെ പേരാണ് ഗുരുദേവൻ. ആത്മീയ ആചാര്യന്മാർ ധാരാളമുണ്ടെങ്കിലും ശ്രീനാരായണ ഗുരുവിനേപ്പോലെ മറ്റാരുമില്ല. ഗുരു കരുണയുടെയും ആർദ്രതയുടെയും പ്രതിരൂമായിരുന്നു. മനുഷ്യനെ നന്മയും കരുണയുമുള്ള ആളുകളാക്കി മാറ്റാനായിരുന്നു അദ്ദേഹം ശ്രമിച്ചതെന്നും എം.എൽ.എ പറഞ്ഞു. യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പ്രഭാഷണം നടത്തി. യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ സംഘടനാ സന്ദേശം നൽകി. അഡ്വ.മണ്ണടി മോഹനൻ, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സുജിത്ത് മണ്ണടി, വനിതാസംഘം യൂണിയൻ കൺവീനർ ഇൻ ചാർജ്ജ് സുജാ മുരളി, സൈബർസേന കേന്ദ്ര കമ്മിറ്റി അംഗം അശ്വിൻ പ്രകാശ് എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ സ്വരൂപിച്ച തുക ക്യാൻസർ രോഗിക്ക് നൽകുന്നതിനായി അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ വനിതാസംഘം ഭാരവാഹികൾക്ക് കൈമാറി. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദസ്വാമി പ്രഭാഷണവും സർവൈശ്വര്യ പൂജയും നടത്തി. ഗുരുവിന്റെ ഈശ്വരീയത എന്ന വിഷയത്തിൽ ബിബിൻഷാ പ്രഭാഷണം നടത്തി.