 
തിരുവല്ല : റോബോട്ടുകൾ കൃഷി ചെയ്യുന്ന നെൽപ്പാടങ്ങൾ... ലോകത്തിന്റെ പലഭാഗങ്ങളിലിരുന്ന് വിർച്വൽ റിയാലിറ്റിയിലൂടെ ആളുകളുടെ ഓണാഘോഷം...വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ആകാശത്ത് നിന്ന് പേടകം... അങ്ങനെ പലതും കുട്ടികൾ ഭാവനയിൽ കണ്ടുവരച്ചു ചിത്രങ്ങളാക്കി. 50 വർഷങ്ങൾക്കുശേഷം ലോകത്തും മനുഷ്യരിലും എങ്ങനെയെല്ലാം മാറ്റങ്ങൾ സംഭവിക്കാം ? ഇതായിരുന്നു അന്താരാഷ്ട്രാ ആർട്ട് ക്യാമ്പിന്റെ വിഷയം. അവർ ഓരോരുത്തരും കാൻവാസിൽ ഭാവനകൾ ചിത്രങ്ങളായി പകർത്തി. സി.കെ. രാ ആർട്ട് സ്കൂളിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 51 കുട്ടികളാണ് വരയ്ക്കുന്നത്. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ പ്രത്യേകം തയാറാക്കിയ മൂന്നടി വൃത്താകൃതിയിലുള്ള പ്രത്യേകം തയാറാക്കിയ ക്യാൻവാസിൽ ആക്രിലിക് കളർ ഉപയോഗിച്ചാണ് വരച്ചത്. "തറ പറ വര" കുട്ടികളുടെ അന്താരാഷ്ട്ര ചിത്രപ്രദർശനത്തിന്റെ മുന്നോടിയായി ദ്വിദിന ചിത്രകലാ ക്യാമ്പ് സത്രം കോംപ്ലക്സിൽ ചിത്രകാരൻ സി.കെ.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സി.കെ. രാ സ്കൂൾ പ്രിൻസിപ്പൽ കെ.രാജൻ അദ്ധ്യക്ഷനായി. മുൻ മുനിസിപ്പൽ ചെയർമാൻ ആർ.ജയകുമാർ പ്രദർശന കാറ്റലോഗ് പ്രകാശനം ചെയ്തു. വരയ്ക്കാനുള്ള ക്യാൻവാസ് വിതരണം രാധാകൃഷ്ണൻ വേണാട്ട് നിർവഹിച്ചു. സ്കൂൾ ഡയറക്ടറും ക്യുറേറ്ററുമായ സി.പി.പ്രസന്നൻ, സ്‌കൂൾ മാനേജർ ആശാകുമാരി എസ്.എന്നിവർ പ്രസംഗിച്ചു. ഒന്നാംക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിപേർ കുട്ടികളുടെ ചിത്രരചനാ ക്യാമ്പിലെത്തി. രണ്ടുദിവസം കൊണ്ട് പൂർത്തിയാവുന്ന ചിത്രങ്ങൾ ജനുവരി 11മുതൽ 15വരെ കോട്ടയത്ത് പബ്ലിക് ലൈബ്രറിയുടെ കാനായി കുഞ്ഞിരാമൻ ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിക്കും.