
ആറന്മുള: മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി വഹിച്ചുകൊണ്ട് ആറന്മുള പാർത്ഥസാരഥി ക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിച്ച രഥഘോഷയാത്രയ്ക്ക് നാടെങ്ങും ഭക്തിനിർഭരമായ സ്വീകരണം. ഇന്നലെ പുലർച്ചെ ക്ഷേത്രത്തിന്റെ കിഴക്കേ മണ്ഡപത്തിൽ ദർശനത്തിനുവച്ച തങ്ക അങ്കി രാവിലെ 7ന് ദേവസ്വം ബോർഡ് അംഗങ്ങളുടെയും പൊലീസിന്റെയും ക്ഷേത്ര ഉപദേശക സമിതി, അയ്യപ്പസേവാസംഘം, ശബരിമല ആചാര സംരക്ഷണ സമിതി, വിവിധ ഹൈന്ദവ സംഘടനാ നേതാക്കൾ, രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ എന്നിവരുടെയും നൂറുകണക്കിന് ഭക്തരുടെയും സാന്നിദ്ധ്യത്തിൽ ശരണമന്ത്രഘോഷങ്ങളോടെ രഥത്തിലേക്ക് മാറ്റി. തുടർന്ന് വിവിധ ക്ഷേത്രങ്ങളുടെയും സംഘടനകളുടെയും സ്വീകരണം ഏറ്റുവാങ്ങി ഇന്നലെ രാത്രി ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേർന്നു.
ഘോഷയാത്ര ഇന്ന്
രാവിലെ എട്ടിന് ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അഴൂർ ജംഗ്ഷൻ, പത്തനംതിട്ട ഊരമ്മൻകോവിൽ, പത്തനംതിട്ട ശാസ്താക്ഷേത്രം, കരിമ്പനയ്ക്കൽ ദേവീക്ഷേത്രം, ശാരദാമഠം, മുണ്ട് കോട്ടയ്ക്കൽ എസ്.എൻ.ഡി.പി മന്ദിരം, കടമ്മനിട്ട ഭഗവതി ക്ഷേത്രം, കടമ്മനിട്ട ഋഷികേശ ക്ഷേത്രം, കോട്ടപ്പാറ കല്ലേലിമുക്ക്, പേഴുംകാട് എസ്.എൻ.ഡി.പി മന്ദിരം, മേക്കൊഴൂർ ക്ഷേത്രം, മൈലപ്ര ഭഗവതി ക്ഷേത്രം, കുമ്പഴ ജംഗ്ഷൻ, പാലമറ്റൂർ അമ്പലമുക്ക്, പുളിമുക്ക്, വെട്ടൂർ മഹാവിഷ്ണു ക്ഷേത്ര ഗോപുരപ്പടി, ഇളകള്ളൂർ മഹാദേവ ക്ഷേത്രം, ചിറ്റൂർ മുക്ക്, കോന്നി ടൗൺ, കോന്നി ചിറക്കൽ ക്ഷേത്രംവഴി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെത്തി വിശ്രമിക്കും.
25ന് തങ്ക അങ്കി ചാർത്തും
24ന് ചിറ്റൂർ മഹാദേവക്ഷേത്രം, അട്ടച്ചാക്കൽ, വെട്ടൂർ ക്ഷേത്രം, മൈലാടുംപാറ, കോട്ടമുക്ക്, മലയാലപ്പുഴ ക്ഷേത്രം, മലയാലപ്പുഴ താഴം, മണ്ണാറക്കുളഞ്ഞി ക്ഷേത്രം, തോട്ടമൺകാവ് ക്ഷേത്രം, റാന്നി രാമപുരം ക്ഷേത്രം, ഇടക്കുളം ശാസ്താക്ഷേത്രം, വടശ്ശേരിക്കര ചെറുകാവ്, വടശ്ശേരിക്കര പ്രയാർ മഹാവിഷ്ണു ക്ഷേത്രം, മാടമൺ ക്ഷേത്രം വഴി പെരുന്നാട് ശാസ്ത ക്ഷേത്രത്തിൽ വിശ്രമിക്കും.
25ന് ളാഹ സത്രം, പ്ലാപ്പള്ളി, നിലയ്ക്കൽ ക്ഷേത്രം, ചാലക്കയം വഴി ഉച്ചയ്ക്ക് 1.30ന് പമ്പയിൽ എത്തും. വൈകിട്ട് 6.15ന് സന്നിധാനത്തെത്തി 6.30ന് തങ്കഅങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടക്കും.