
സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് ഒരുങ്ങുകയാണ്. കോന്നിയിൽ ഈ മാസം ഇരുപത്തിയേഴ് മുതൽ നാല് ദിവസമാണ് സമ്മേളനം. പല സവിശേഷ സാഹചര്യങ്ങളാൽ പ്രധാനപ്പെട്ടതാണ് ഇത്തവണത്തെ സമ്മേളനം. ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളും ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും ഇടതുമുന്നണി ഭരിക്കുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ കരുത്താർജ്ജിച്ച രാഷ്ട്രീയ സംഘടന സി.പി.എം ആണെന്നു പറയാം. ബ്രാഞ്ച് തലം മുതൽ ജില്ലാ സെക്രട്ടറിയറ്റ് വരെ സുസംഘടിതരായ പ്രവർത്തകരും നേതാക്കളും. ഏതു സാഹചര്യത്തിലും എപ്പോഴും ഇടപെടാൻ കഴിയുന്ന വിധത്തിൽ താഴേത്തട്ടുവരെ ഊർജസ്വലമായ പ്രവർത്തനം. പാർട്ടിയുടെ പോഷക, ബഹുജന സംഘടനകളും ശക്തമാണ്. തൊഴിലാളി പ്രസ്ഥാനമായ സി.ഐ.ടി.യു വളർച്ചയുടെ പാതയിൽ. തിരഞ്ഞെടുപ്പ് രംഗത്ത് പത്തനംതിട്ട പാർലമെന്റ് മണ്ഡലം ചരിത്രത്തിൽ ഇതുവരെ ഇടതുമുന്നണിക്കൊപ്പം വന്നിട്ടില്ലെന്ന ഏക പോരായ്മ മാത്രമാണ് പാർട്ടിയെ അലട്ടുന്നത്. പല കാരണങ്ങളാൽ അതിനിയും സാദ്ധ്യമാകുമെന്ന് പറയാനാവില്ല. മണ്ഡലം പിടിച്ചെടുക്കാൻ നടത്തിയ എല്ലാ അടവുനയങ്ങളും പരാജയപ്പെട്ടു നിൽക്കുന്നു. ഈ സംഗതിയൊഴിച്ചു നിറുത്തിയാൽ പത്തനംതിട്ട ജില്ല ഇടതുപാളയത്തിൽ എന്നു തന്നെ പറയാം. പരമ്പരാഗത യു.ഡി.എഫ് കോട്ടയാണ് പാർട്ടിയെ ശക്തിപ്പെടുത്തി ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ചെങ്കോട്ടയായി മാറ്റിയെടുത്തത്.
ഉദയഭാനു
ഒഴിയുമ്പോൾ
സി.പി.എം ജില്ലാ സെക്രട്ടറി പദവിയിൽ കെ.പി. ഉദയഭാനു മൂന്നു ടേം പൂർത്തിയാക്കി. സംഘടനാ രീതിയനുസരിച്ച് ഒരാൾക്ക് തുടർച്ചയായി മൂന്നു തവണയാണ് ജില്ലാ സെക്രട്ടറി പദവി വഹിക്കാൻ കഴിയുക. ചുമതല ഒഴിയുമ്പോൾ ഉദയഭാനുവിന് അഭിമാനിക്കാൻ വകയേറെയുണ്ട്. മേൽപ്പറഞ്ഞതുപോലെ ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളെയും ചുവപ്പിച്ചു. ഇടതുമുന്നണിക്ക് ബാലികേറാമലയായിരുന്ന പത്തനംതിട്ട ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളെ കൈപ്പിടിയിലാക്കി. യു.ഡി.എഫ് കുത്തകയാക്കി വച്ചിരുന്ന സഹകരണ ബാങ്കുകൾ പിടിച്ചെടുത്തു. സർവമേഖലകളിലും പാർട്ടിയുടെ സാന്നിദ്ധ്യം സജീവമാക്കി നിറുത്തുന്നതിന് പ്രവർത്തകരെ ചലനാത്മകമാക്കാൻ കഴിഞ്ഞ നേതാവായി അദ്ദേഹത്തെ വിലയിരുത്തപ്പെടും. നേതാവിന്റെ പരിവേഷമില്ലാതെ ബ്രാഞ്ച് കമ്മറ്റിയംഗങ്ങളോടും പാർട്ടി അനുഭാവികളോടും നിരന്തരം സംവദിച്ചു നിൽക്കുന്നതിനാൽ ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെടാനും പരിഹരിക്കാനും അദ്ദേഹത്തിന് തനതായ സവിശേഷ കഴിവുകളുണ്ട്.
ജില്ലയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വന്യജീവി ശല്യത്തെ പ്രതിരോധിക്കാൻ നടപടിയെടുക്കാത്ത വനംവകുപ്പിനെതിരെ അതിരൂക്ഷമായ പ്രതികരണങ്ങൾ വിവാദമായിട്ടുണ്ട്. ജനങ്ങൾ നിയമം കയ്യിലെടുക്കുമെന്ന് അദ്ദേഹം പല തവണ ആവർത്തിച്ചത് സ്വപ്നങ്ങൾ തകരുന്ന കർഷകരുടെ മനസിന്റെ വേദനയറിഞ്ഞാണ്.
ഇത്തവണത്തെ ജില്ലാ സമ്മേളനത്തോടെ അദ്ദേഹം സെക്രട്ടറി സ്ഥാനത്തു നിന്നു മാറുമ്പോൾ പാർട്ടി പുതിയ ചുമതലകൾ ഏൽപ്പിച്ചേക്കും. കുടുംബജീവിതം വേണ്ടന്നു വച്ച് പാർട്ടിക്കു വേണ്ടി സമർപ്പിച്ച ഉദയഭാനു പാർലമെന്ററി രംഗത്തേക്കും കടന്നുവന്നേക്കാം. പാർട്ടിയിൽ അച്ചടക്കം നിലനിറുത്തുന്നതിൽ കർക്കശക്കാരനായിരുന്നു ഉദയഭാനു. പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നിതിന് മുന്നോടിയായി പാർട്ടിയിൽ പല പേരുകളും ഉയർന്നു കേൾക്കുന്നു. മുതിർന്ന നേതാക്കളായ രാജു ഏബ്രഹാം, പി.ജെ അജയകുമാർ, എ. പത്മകുമാർ, ഓമല്ലൂർ ശങ്കരൻ തുടങ്ങിയവർ പരിഗണിക്കപ്പെടുന്നുണ്ട്.
പ്രതിസന്ധികളിൽ ഉലഞ്ഞ്
ജില്ലാ സമ്മേളനത്തിലേക്ക് പാർട്ടി കടക്കുമ്പോൾ ഏറെ ചർച്ച ചെയ്യപ്പെട്ടേക്കാവുന്ന ഒരു വിഷയം എ.ഡി.എം നവീൻ ബാബുവിന്റെ മരണമാണ്. മലയാലപ്പുഴക്കാരനായിരുന്ന നവീൻ ബാബുവിന്റെ മരണം പാർട്ടിയിലുണ്ടാക്കിയ പൊല്ലാപ്പ് ചെറുതല്ല. നവീനെ മരണത്തിലേക്ക് നയിച്ച പ്രേരണാഘടകം പാർട്ടിയുടെ കണ്ണൂരിലെ ശക്തികേന്ദ്രങ്ങളാണ്. കേസിൽ പ്രതിയായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയ്ക്ക് കണ്ണൂർ ജില്ലാ നേതൃത്വവും സംസ്ഥാന ഘടകവും വലിയ സംരക്ഷണമൊരുക്കുന്നു. പാർട്ടി നവീന്റെ കുടുംബത്തോടൊപ്പമാണെന്നു പല ആവർത്തി പ്രഖ്യാപിച്ച ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയത് കണ്ണൂർ ഘടകവും സംസ്ഥാന നേതൃത്വവുമാണ്. മലയാലപ്പുഴയിൽ പാർട്ടിയെ ശക്തിപ്പെടുത്തിയതിലും പഞ്ചായത്തിൽ ഭരണത്തിലേറ്റിയതിലും പല ശാഖകളായി നിൽക്കുന്ന നവീൻ ബാബുവിന്റെ കുടുംബത്തിന് വലിയ പങ്കുണ്ട്. പാർട്ടി പ്രാദേശിക ഘടകങ്ങളും ജില്ലയിലെ ജനങ്ങൾ ഒന്നാകെയും നവീനിന്റെ കുടുംബത്തിനൊപ്പം നിൽക്കുമ്പോൾ സംസ്ഥാന ഘടകം ദിവ്യയ്ക്ക് സംരക്ഷണവും നിയമസഹായവും ചെയ്തുകൊടുക്കുന്നു. ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ഉന്നയിച്ചേക്കാവുന്ന പ്രധാന വിഷയം ഇതായിരിക്കും. ദിവ്യ പാർട്ടിക്കു വേണ്ടപ്പെട്ടവൾ എന്ന നിലപാടിൽ നിന്ന് സംസ്ഥാന നേതൃത്വം പിന്നാക്കം പോകില്ല. നവീന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ന്യായമായ ആവശ്യത്തെ സംസ്ഥാന സർക്കാർ തള്ളിപ്പറഞ്ഞതിനും എതിർക്കുന്നതിനും, സി.ബി.ഐ കേന്ദ്രസർക്കാരിന്റെ കൂട്ടിലെ തത്തയെന്ന് ന്യായീകരണം വിളമ്പും. പാർട്ടിയിൽ കടന്നു കൂടിയ കഞ്ചാവ്, മദ്യപ സംഘങ്ങളാണ് ജില്ലാ സമ്മേളനങ്ങളിൽ ചർച്ചയായേക്കാവുന്ന മറ്റൊരു വിഷയം. ലഹരി സംഘങ്ങളും കാപ്പാ കേസ് പ്രതികളും ജില്ലയിലെ പാർട്ടിക്കുള്ളിലെ പൊതുശല്യങ്ങളാണ്. ഇവരെ നിലയ്ക്കു നിറുത്തുന്നതിൽ നേതൃത്വം പരാജയപ്പെടുന്നുവെന്ന് വിമർശനങ്ങളുണ്ട്. പാർട്ടിയുടെയും ഡി.വൈ.എഫ്.ഐയുടെയും അംഗങ്ങൾ കാപ്പാ കേസ് പ്രതികൾക്കൊപ്പം റോഡ് ഗതാഗതം തടസപ്പെടുത്തി പിറന്നാൾ ആഘോഷിച്ചത് വിവാദമായിട്ടുണ്ട്.
പ്രദേശിക നേതാക്കളുടെ സ്ത്രീ പീഡനക്കേസുകൾ ബ്രാഞ്ച് തലം മുതലുള്ള സമ്മേളനങ്ങളിൽ ചർച്ചയായിട്ടുണ്ട്. പീഡനക്കേസ് പ്രതിയുടെ സാന്നിദ്ധ്യം കാരണം ലോക്കൽ സമ്മേളനങ്ങൾ നിറുത്തിവയ്ക്കേണ്ടി വന്നിട്ടുണ്ട്. തുടർഭരണത്തിന്റെ തണലിൽ പാർട്ടിയിൽ കടന്നുകൂടിയ വിഷവിത്തുക്കളെ കൈകാര്യം ചെയ്യുകയെന്നത് പുതിയ നേതൃത്വത്തിന്റെ വെല്ലുവിളിയാണ്. അടിത്തട്ട് മുതൽ ശുദ്ധീകരിച്ചില്ലെങ്കിൽ പാർട്ടിയെ നിയന്ത്രിക്കുന്നത് ലഹരി സംഘങ്ങളും പീഡനക്കേസ് പ്രതികളുമായിരിക്കും. കമ്മ്യൂണിസവും സോഷ്യലിസവും നെറ്റിയിൽ തൊടുന്ന ചന്ദനം പോലെയാകും. അതിന്റെ തെളിമയും നൈർമല്യവും പാർട്ടിയുടെ ഉള്ളിലേക്ക് ഇറങ്ങണമെങ്കിൽ നേതൃത്വം കടുത്ത ജാഗ്രത കാട്ടേണ്ടതുണ്ട്.