pta

പത്തനംതിട്ട : കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കടമുറികൾ മൂന്നുമാസത്തിനുള്ളിൽ തുറന്നു നൽകുമെന്ന് പ്രഖ്യാപിച്ച ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ വാക്കുകളും വെറുംവാക്കാകുന്നു. ഇതുവരെ കടമുറികളുടെ കാര്യത്തിൽ തീരുമാനമായില്ല. സെപ്തംബർ 30ന് കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ ആയിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. കടമുറികൾ ലേലത്തിൽ പിടിച്ച വ്യാപാരികൾ അടച്ച തുക തിരിച്ചു ചോദിച്ചിരിക്കുകയാണ്. കെട്ടിട നിർമ്മാണ ചട്ടപ്രകാരമുള്ള അനുമതി ലഭിക്കാത്ത കെട്ടിടത്തിലെ കടമുറികൾ ലേലം ചെയ്തതും വിവാദമായിട്ടുണ്ട്. കടമുറികൾ ലേലത്തിലെടുത്തവർ കഴിഞ്ഞ ദിവസം പ്രതിഷേധ സമരം നടത്തിയിരുന്നു.

ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കിട്ടിയില്ല

ഫയർഫോഴ്‌സിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും മലിനീകരണ നിയന്ത്രണബോർഡിന്റെ അനുമതിയും ട്രാൻസ്പോർട്ട് കെട്ടിടത്തിന് ലഭിച്ചിട്ടില്ല. സുരക്ഷാസംവിധാനങ്ങളും മാലിന്യസംസ്കരണ സംവിധാനങ്ങളും ഒരുക്കുന്നതിലെ വീഴ്ചയാണ് ഇതിന് കാരണം.

ഇത് രണ്ടും ലഭിച്ചാൽ മാത്രമേ നഗരസഭയ്ക്ക് കെട്ടിട പെർമിറ്റിന് അനുമതി നൽകാൻ കഴിയു.

2015 സെപ്തംബറിലാണ് മൂന്ന് നിലയുള്ള കെ.എസ്.ആർ.ടി.സി കെട്ടിടം നിർമ്മാണം ആരംഭിച്ചത്. 2022 ജൂണിൽ ഉദ്ഘാടനം ചെയ്തു.

പദ്ധതി ചെലവ് : 9 കോടി

(രണ്ടരക്കോടി രൂപ അന്ന് എം.എൽ.എയായിരുന്ന കെ.ശിവദാസൻ നായരുടെ ആസ്തി വികസനഫണ്ടിൽ നിന്നും 6.54 കോടി കോർപറേഷൻ വകയും)

ആറ് വർഷം മുൻപാണ് കെട്ടിടത്തിലെ കടമുറികൾ ആദ്യം ലേലം ചെയ്തത്.

അതിലൂടെ 5.06 കോടി രൂപ കെ.എസ്.ആർ.ടിസിക്ക് ലഭിച്ചു.
ശേഷം രണ്ടുതവണ ലേലം നടന്നെങ്കിലും ആരും പങ്കെടുത്തില്ല.