റാന്നി: മണ്ണാറക്കുളഞ്ഞി ഇലവുങ്കൽ ശബരിമല പാതയിലെ കൊടും വളവുകളിൽ ഉൾപ്പടെ ദേശീയ ഹൈവേ വിഭാഗം അപകടക്കെണി ഒരുക്കി റോഡിലെ കട്ടിംഗ്. സമയബന്ധിതമായി റോഡ് നിർമ്മാണം പൂർത്തിയാക്കാതെയും വശങ്ങളിലെ യാത്രക്കാർക്ക് ഭീഷണിയായ വലിയ കട്ടിംഗുകൾ കോൺക്രീറ്റ് ചെയ്യാതെയുമാണ് ദേശീയ ഹൈവേ വിഭാഗം നിർമ്മാണം നടത്തിയിരിക്കുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നും ഉൾപ്പടെ ഇതേ പാതയിലൂടെ ദിവസവും ആയിരക്കണക്കിന് തീർത്ഥാടക വാഹനങ്ങളാണ് കടന്നു പോകുന്നത്. ഒരാഴ്ച മുമ്പ് പുതുക്കടയ്ക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ കട്ടിംഗിൽ ചാടി അപകടത്തിൽപെട്ടിരുന്നു. രണ്ടു വർഷം മുമ്പ് നിർമ്മാണ പ്രവർത്തികൾ ആരംഭിച്ച പാതയുടെ നിർമ്മാണം തീർത്ഥാടനം ആരംഭിക്കുന്നതിനു തൊട്ട് മുമ്പാണ് പൂർത്തീകരിച്ചത്. എന്നാൽ ശബരിമല തീർത്ഥാടനം ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും വശങ്ങളിലെ നടപ്പാതകളും മറ്റും കോൺക്രീറ്റ് ചെയ്യുന്ന ജോലികളും ഇന്റർലോക്ക് ജോലികളും ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. മണ്ഡല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് തങ്കഅങ്കി ഘോഷയാത്രയും തിരുഭാവരണ ഘോഷയാത്രയും ഉൾപ്പടെ കടന്നു പോകുന്ന പാതയിലാണ് ഇത്തരത്തിലുള്ള അപകടം അധികൃതർ കാണാതെ പോകുന്നത്. എത്രയും വേഗം പാതയിലെ അപകട ഭീഷണി ഉയർത്തുന്ന വലിയ കട്ടിംഗുകൾ നീക്കം ചെയ്യണമെന്നാണ് അയ്യപ്പ സേവാ സംഘങ്ങളും നാട്ടുകാരും ആവശ്യം.
......................
ഒരാഴ്ച മുമ്പേ സമാനമായ കട്ടിംഗിൽ തീർത്ഥാടന വാഹനം അപകടത്തിലെപ്പട്ടു.ശബരിമല തീർത്ഥാടനം ഗൗരവവത്തിലെടുക്കാതെയാണ് ദേശീയ ഹൈവേ വിഭാഗം റോഡ് നിർമ്മാണം മുന്നോട്ട് കൊണ്ടുപോയത്.
(സാജു, പെരുനാട്)
.................
7 ദിവസം മുൻപ് തീർത്ഥാടക വാഹനം അപകടത്തിൽപ്പെട്ടു
2 വർഷം മുൻപ് ആരംഭിച്ച റോഡ് നിർമ്മാണം പൂർത്തിയായിട്ടില്ല