
കോന്നി : ബ്യൂട്ടിപാർലറിൽ ജോലിക്കെത്തിയ പശ്ചിമബംഗാൾ സ്വദേശിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആസാം സ്വദേശികളായ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഖരീമുള്ള (27), ബന്ധു റഫിക് ഉൾ ഹുസൈൻ (25), അമീർ ഹുസൈൻ (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 21 ന് രാത്രി ഒൻപതരയോടെ ആനകുത്തിയിലാണ് സംഭവം. പൊലീസ് പറയുന്നത്: സംഭവം നടക്കുന്നതിന് നാല് ദിവസം മുമ്പാണ് യുവതി കോന്നിയിലെ ബ്യൂട്ടി പാർലറിൽ ജോലിക്കെത്തിയത്. ബ്യൂട്ടി പാർലർ ഉടമ ആനകുത്തിയിൽ നൽകിയ മുറിയിലാണ് ഇവർ താമസിച്ചിരുന്നത്. ഇതിനടുത്താണ് ചിക്കൻ കടയിൽ ജോലിയുള്ള കരിമുള്ള താമസിക്കുന്നത്. 21ന് രാത്രിയിൽ പ്രതികൾ മുറിയിലെത്തി യുവതിയെ വലിച്ചിഴച്ച് ബാത്ത്റൂമിൽ കൊണ്ടുപോയി കൈകാലുകൾ ബന്ധിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. യുവതി ബഹളം വച്ചതോടെ സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഇവിടെനിന്ന് കടന്നു. തുടർന്ന് കോന്നി പൊലീസിൽ പരാതി നൽകി . ചെന്നൈക്ക് സമീപത്തെ ജോളാർ പേട്ടയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഡി.ഐ.ജി അജിതാബീഗം, ജില്ലാ പൊലീസ് ചീഫ് വി.ജി.വിനോദ് കുമാർ, ഡിവൈ.എസ് .പി രാജപ്പൻ റാവുത്തർ എന്നിവരുടെ നിർദ്ദേശത്തെ തുടർന്ന് കോന്നി പൊലീസ് എസ്.എച്ച് .ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. റിമാൻഡ് ചെയ്തു.