
പത്തനംതിട്ട : വനം നിയമ ഭേദഗതിയിലൂടെ അധികാരപരിധി വർദ്ധിപ്പിക്കാനും പാവപ്പെട്ട ജനങ്ങളെ ബലിയാടാക്കാനും കാട്ടുന്ന വ്യഗ്രത വന്യമൃഗങ്ങൾ കാടിറങ്ങുന്നതു തടയാനും ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനും വനംവകുപ്പ് കാട്ടുന്നില്ലെന്ന് ആന്റോ ആന്റണി എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാടത്തം നിറഞ്ഞ കരിനിയമങ്ങളാണ് വനംനിയമ ഭേദഗതിയിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ജനങ്ങളുടെ സംരക്ഷകരാകേണ്ട സർക്കാർ ഇതിനു കൂട്ടുനിൽക്കുകയാണെന്നും ആന്റോ കുറ്റപ്പെടുത്തി.
മലയോരത്ത് ജനങ്ങൾക്ക് യാതൊരു സംരക്ഷണവുമില്ല. വന്യമൃഗങ്ങൾ അവരുടെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്നു. കാർഷിക മേഖല തകർന്നടിഞ്ഞു. കാടിറങ്ങിയ കാട്ടുപന്നി നാട്ടിൽ പെരുകിക്കൊണ്ടിരിക്കുകയാണ്. വനമേഖലയിൽ നിന്ന് കിലോമീറ്ററുകൾക്കപ്പുറത്തേക്കാണ് ഇവയുടെ ശല്യം. ഇവയ്ക്ക് ഇപ്പോഴും കാട്ടുമൃഗത്തിന്റെ പരിഗണനയും സംരക്ഷണവും നൽകാനാകില്ല. കാട്ടുപന്നി ഇപ്പോൾ നാട്ടുപന്നിയാണെന്ന് ആന്റോ പറഞ്ഞു.