 
റാന്നി : ഇട്ടിയപ്പാറ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് , ശബരിമല ഇടത്താവളം എന്നിവയ്ക്കായി ഏറ്റെടുത്ത സ്ഥലത്തിന്റെ 9.50 കോടി രൂപയുടെ ബാദ്ധ്യത സർക്കാർ ഏറ്റെടുക്കും. സർക്കാരിന്റെ അന്തർ വകുപ്പുതല തർക്ക പരിഹാര കമ്മിറ്റിയാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. ഇട്ടിയപ്പാറ സ്വകാര്യ ബസ്സ്റ്റാൻഡിന് പിന്നിലായാണ് ശബരിമല ഇടത്താവളത്തിനായി ഭൂമി ഏറ്റെടുത്തത്. ആദ്യം പഴവങ്ങാടി പഞ്ചായത്ത് ഭൂമി ഏറ്റെടുത്തു നൽകാനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് അനുമതി നൽകിയത്. ഇതിൽ ഏതെങ്കിലും വ്യവഹാരമുണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്തം പഞ്ചായത്തിനാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ പഞ്ചായത്തിന്റെ സാമ്പത്തിക സ്ഥിതി അനുകൂലമല്ലാത്തതിനാൽ ഇടത്താവളം നിർമ്മിക്കുന്നതിന് സർക്കാർ അനുവദിച്ച തുകയിൽ 72,69,000 രൂപ ചെലവഴിച്ചാണ് സർക്കാർ ഭൂമി ഏറ്റെടുത്തത്. മാർക്കറ്റ് വില ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പിന്നീട് ഉടമകൾ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉടമകൾക്ക് അനുകൂലമായി വിധിവന്നു. ഇതേതുടർന്നാണ് 9.50 കോടി രൂപയുടെ ബാദ്ധ്യത പഞ്ചായത്തിന്റെ പേരിൽ വന്നത്. പണം നൽകാത്തതിനെ തുടർന്ന് പഞ്ചായത്തിന്റെ ആസ്തികൾ കോടതി ഉത്തരവു പ്രകാരം ജപ്തി ചെയ്തിരിക്കുകയാണ്.തുടർന്ന് അനിതാ അനിൽകുമാർ പ്രസിഡന്റായിരിക്കുമ്പോൾ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകി. വൈസ് പ്രസിഡന്റ് ജോൺ ഏബ്രഹാം, മെമ്പർ ബിജി വർഗീസ് , അസിസ്റ്റന്റ് സെക്രട്ടറി കെ പ്രദീപ് എന്നിവർ ചേർന്നാണ് പഞ്ചായത് കമ്മിറ്റി തീരുമാനപ്രകാരം ഹർജി നൽകിയത്. ഇതിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് തർക്ക പരിഹാര കമ്മിറ്റി ചേർന്നത്. പി.ഡബ്ല്യൂഡിയും കെഎസ്ആർടിസിയും പഞ്ചായത്തും ബാദ്ധ്യത ഏറ്റെടുക്കാനാകില്ലെന്ന് കമ്മിറ്റിയിൽ അറിയിച്ചു.ഇതേ തുടർന്ന് സർക്കാർ പുറമ്പോക്കാക്കി മാറ്റി റവന്യു വകുപ്പിനു ഭൂമി ഏറ്റെടുക്കാമെന്ന് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി അഭിപ്രായം രേഖപ്പെടുത്തി. പ്രിൻസിപ്പൽ സെക്രട്ടറിയും റവന്യു വകുപ്പും ഇതേ നിർദേശമാണു യോഗത്തിൽ അറിയിച്ചത്.നിർദിഷ്ട ഭൂമിയിൽ ശബരിമല ഇടത്താവളം നിർമാണത്തിനായി പൈലിംഗ് ജോലികൾ തുടങ്ങിയതു മുൻനിറുത്തിയാണ് യോഗം തീരുമാനമെടുത്തത്.